അമിതഭാരം, പ്രായാധിക്യം, വ്യായാമത്തിന്റെ അഭാവം, മാറിയ ജീവിത ശൈലി, തേയ്മാനം, വാതരോഗങ്ങള്‍ എന്നിവയെല്ലാം മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
ലക്ഷണങ്ങള്‍
വേദന, നീര്‍ക്കെട്ട്, ഉരയുന്ന ശബ്ദം വരിക, നടക്കുമ്‌ബോള്‍ ബാലന്‍സ് തെറ്റുക, നടക്കാനും കോണി കയറാനും ടോയ്ലറ്റില്‍ ഇരിക്കാനും പ്രയാസം തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ കണ്ടുവരാറ്.
കാരണങ്ങള്‍
അമിതഭാരമുള്ളവര്‍, വാതരോഗമുള്ളവര്‍, വേദനാപാരമ്ബര്യമുള്ളവര്‍, വ്യായാമക്കുറവുള്ളവര്‍ എന്നിവര്‍ക്ക് ഇത് വരാനുള്ള സാധ്യതയേറെ. കാത്സ്യക്കുറവ്, എല്ലുതേയ്മാനം, ഒടിവ്, മുറിവ്, അപകടങ്ങള്‍ എന്നിവയും ഈ രോഗത്തിലേക്ക് നയിക്കുന്നു.
പ്രതിരോധം വീട്ടിലിരുന്ന്
പ്രതിരോധം ചികിത്സയേക്കാള്‍ മെച്ചമായതിനാല്‍ ഇനിപറയുന്ന പ്രവര്‍ത്തനം രോഗ നിയന്ത്രണത്തിന് ഫലപ്രദമാണ്.
വ്യായാമങ്ങള്‍: വേദനയ്ക്കും മുട്ടിന് ബലത്തിനും
വ്യായാമങ്ങളുടെ അഭാവമാണ് പലരേയും രോഗികളാക്കുന്നത്. രോഗം വന്ന ശേഷം വ്യായാമത്തിലേക്ക് കടക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് രോഗം വരാതിരിക്കാന്‍ വ്യായാമങ്ങള്‍ അഭ്യസിക്കുന്നത്. രോഗികള്‍ക്ക് വീട്ടിലിരുന്ന് പരിശീലിക്കാവുന്ന ചില വ്യായാമ മുറകള്‍ ഉണ്ട്. എന്നാല്‍ ഇവ ചെയ്യുന്നതിനു മുന്‍പ് വിദഗ്ധ നിര്‍ദേശം സ്വീകരിക്കണം. വേദന കൂടുന്നുവെങ്കില്‍ ഒഴിവാക്കണം. എന്നാല്‍ വേദനാപാരമ്ബര്യം, അമിതവണ്ണം, വേദനയുടെ തുടക്കം എന്നിവയുള്ളവര്‍ക്ക് ഒരു പരിധിവരെ വേദന വരാതിരിക്കാന്‍ ഇത് സഹായിക്കും.
കാലുകള്‍ നീട്ടി ഇരിക്കുക. തോര്‍ത്ത് ചുരുട്ടി ഒരു മുട്ടിനടിയില്‍ വയ്ക്കുക. മുട്ടിനടിഭാഗം മെല്ലെ അതിലേക്ക് അമര്‍ത്തുക. 10 സെക്കന്റ് അമര്‍ത്തിയ ശേഷം മറ്റേ കാലില്‍ ആവര്‍ത്തിക്കുക. രാവിലെ ഉണര്‍ന്നയുടനെയും രാത്രി ഉറങ്ങുംമുന്‍പും 10 പ്രാവശ്യം വീതം ചെയ്യുക. ഇത് വേദന കുറയാനും മുട്ട് ബലപ്പെടാനും സഹായിക്കും.
കാലുകള്‍ നീട്ടി ഇരുന്ന് ഒരു കയര്‍ ഒരു പാദത്തിന്റെ അടിയിലൂടെ എടുത്ത് പാദം കഴിയുന്നത്ര ഉള്ളിലേക്ക് വലിക്കുക. മറ്റേ കാലിലും ആവര്‍ത്തിക്കുക. ദിവസവും രണ്ടു നേരം നാലു തവണ തുടരുക.
മലര്‍ന്ന് കിടന്ന് ഒരു കാല്‍മുട്ട് മടക്കി പാദം താഴേക്കാക്കി അമര്‍ത്തിവയ്ക്കുക. മറ്റേക്കാല്‍ 30 ഡിഗ്രി വരെ മുകളിലേക്കുയര്‍ത്തുക. രണ്ടു സെക്കന്‍ഡിനുശേഷം സാവധാനം താഴ്ത്തുക. ഇത് മറ്റേക്കാലിലും ആവര്‍ത്തിക്കുക. ദിവസവും രണ്ടു നേരം 10 പ്രാവശ്യം വീതം ചെയ്യുക.
ഒരു കാല്‍ നീട്ടിവച്ച് കമഴ്ന്ന് കിടക്കുക. മറ്റേക്കാല്‍ മെല്ലെ മുട്ടുവളയാതെ ഉയര്‍ത്തുക. രണ്ടു സെക്കന്‍ഡിനുശേഷം താഴ്ത്തുക. മറ്റേക്കാലിലും ആവര്‍ത്തിക്കുക. ദിവസവും രണ്ടു നേരം 10 പ്രാവശ്യം വീതം തുടരുക.
ഒരു വശം ചെരിഞ്ഞ് കിടക്കുക. കാല്‍ 45 ഡിഗ്രി വരെ ഉയര്‍ത്തി മൂന്ന് സെക്കന്‍ഡ് പിടിക്കുക. മെല്ലെ താഴ്ത്തുക. 10 തവണ ആവര്‍ത്തിക്കുക. മറുവശം ചെരിഞ്ഞ് മറ്റേക്കാലിലും ആവര്‍ത്തിക്കുക.
ചുമരിനഭിമുഖമായി നിന്ന് മെല്ലെ കാല്‍വിരലുകളില്‍ ഉയരുക. 10 സെക്കന്‍ഡ് നില്‍ക്കുക. മെല്ലെ താഴുക. 10 മുതല്‍ 15 പ്രാവശ്യം വരെ ആവര്‍ത്തിക്കുക.
മേശയ്ക്കോ കതകിനോ അഭിമുഖമായി നില്‍ക്കുക. ഒരു കാല്‍മുട്ട് മടക്കി പിന്നിലേക്ക് കൊണ്ടുവരിക. കഴിയുന്നത്ര പിന്നിലേക്ക് കൊണ്ടുവന്ന് 5 മുതല്‍ 10 സെക്കന്‍ഡ് വരെ അങ്ങനെ നിര്‍ത്തുക. മറ്റേക്കാലിലും ആവര്‍ത്തിക്കുക.
ചിട്ടയായ വ്യായാമത്തോടൊപ്പം ഫിസിയോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സയും തേടിയാല്‍ മുട്ടുവേദന അലട്ടില്ലെന്ന് മാത്രമല്ല നടത്തം, കോണികയറ്റം, ടോയ്ലറ്റില്‍ ഇരുത്തം എന്നിവ വേദന കൂടാതെ സാധ്യമാകുകയും ചെയ്യും.