Latest News

എഗ്ഗ് ബിരിയാണി

Malayalilife
എഗ്ഗ് ബിരിയാണി

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. പലതരത്തിലുള്ള ബിരിയാണികൾ ഇന്ന് സുലഭമാണ്. എന്നാൽ എഗ്ഗ് കൊണ്ട് ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

ചേരുവകള്‍

ബിരിയാണി അരി – 4 കപ്പ്‌
മുട്ട – 4 എണ്ണം
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
സവാള – 5 എണ്ണം
കാരറ്റ് – 1 എണ്ണം (ചെറുത്‌)
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കാപ്സികം – ½ എണ്ണം
കറിവേപ്പില – 1 ഇതള്‍
പാല്‍ – ¾ കപ്പ്‌
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – 7 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.
ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

Read more topics: # tasty egg biriyani recipe
tasty egg biriyani recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES