പ്രഭാത ഭക്ഷണത്തിൽ ഏറെ പ്രധാനയം ഉള്ള ഒരു വിഭവമാണ് ഇഡലി. ഇഡലി പലതരത്തിൽ ഉണ്ടാക്കാം. എന്നാൽ എങ്ങനെ സ്റ്റഫ്ഡ് ഇഡലി തയ്യാറാക്കാം എന്ന് നോക്കാം.
ഇഡലി മാവ് തയ്യാറാക്കാൻ
ഇഡലി അരി -2 കപ്പ്
പുഴുക്കല്ലരി -3/4 കപ്പ്
ഉലുവ -ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് -3/4 കപ്പ്
ചോറ് -3/4കപ്പ്
ഉഴുന്നുംഉലുവയും, അരിയും വേറെ വേറെ 6 മണിക്കൂർ വെള്ളത്തിലിട്ടിട്ട് കുതിർത്തി ചോറും ചേർത്ത് ഇഡലി മാവിന്റെ അയവിൽ അരച്ചു 7-8 മണിക്കൂർ പൊങ്ങാൻ വെക്കുക. ഉണ്ടാക്കുന്നതിനു മുൻപ് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കുക
.
സ്റ്റഫിങ്ങിന്
സവാള -2
പച്ചമുളക് -4 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് -1ടീസ്പൂൺ
കാരറ്റ് -1
ബീൻസ് -12-15എണ്ണം
ഉരുളക്കിഴങ്ങു -1 വലുത് പുഴുങ്ങി ഉടച്ചത്
ചിക്കൻ - ഉപ്പും കുരുമുളകും ചേർത്ത് പുഴുങ്ങി എല്ലില്ലാതെ പിച്ചി എടുത്തത് -1കപ്പ്
മഞ്ഞൾ പൊടി -1/2ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -2 തണ്ട്
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊത്തിയരിഞ്ഞ സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക. ഒന്നു വഴന്നാൽ ചെറുതായി അരിഞ്ഞ കാരറ്റ് ,ബീൻസ്, ഉപ്പ്, മഞ്ഞൾ പൊടി, പിച്ചിയ ചിക്കനും ചേർത്ത് നന്നായി വഴറ്റുക . വഴന്നു പാകമായാൽ സ്റ്റോവിൽ നിന്ന് ഇറക്കി പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും,മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക.
അതിൽ നിന്ന് ഓരോ നെല്ലിക്കാ വലുപ്പത്തിൽ എടുത്തു കൈവെള്ളയിൽ വെച്ച് ഒന്നു ചെറുതായി പരത്തി വെക്കുക.
ഇഡ്ലിചെമ്പു വെച്ച് വെളളം തിളക്കുമ്പോൾ ഒരു ചെറിയ സ്പൂൺ ഇഡലി മാവ് തട്ടിൽ ഒഴിച്ചു ആവി കയറ്റുക.ഒരു മിനിറ്റ് കഴിഞ്ഞു മൂടി തുറന്ന് പരത്തി വെച്ച ചിക്കൻ വെജിറ്റബിൾ കൂട്ട് ഓരോന്നായി ഓരോ തട്ടിലും വെക്കുക.അതിനു മുകളിൽ ഇഡലി മാവ് ഒഴിച്ചു ഇഡലി ചെമ്പിൽ വെച്ച് 10 മിനിറ്റ് ആവി കയറ്റി വേവിക്കുക. വെന്ത ഇഡലി ചൂടാറിയതിനു ശേഷം ചട്ണി കൂടെ വിളമ്പാം