മീന്‍ വിഭവങ്ങള്‍ എന്നും മലയാളികള്‍ക്ക് തീന്‍ മേശയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. മീന്‍ വറുത്തും പൊള്ളിച്ചും എല്ലാം പല തരത്തിലും എത്താറുണ്ട്. എന്നാല്‍ കരിമീന്‍ പൊള്ളിച്ചത് വീട്ടില്‍ തന്നെ തയ്യാറാക്കാം
ചേരുവകള്‍
കരിമീന്‍........ രണ്ടെണ്ണം (വലുത്)
കുരുമുളക്..... രണ്ട് പിടി (പൊടിച്ചത്)
മുളക് പൊടി.... രണ്ട് ടേ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി....... കാല്‍ ടീസ്പൂണ്‍
ഉപ്പ് ............. പാകത്തിന്
ഇഞ്ചി .... ഒരു ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി ..... അഞ്ചല്ലി (ചതച്ചത്)
പെരുംജീരകപ്പൊടി...... ഒരു നുള്ള്
ചുവന്നുള്ളി....... മൂന്നെണ്ണം (ചതച്ചത്)
വെളിച്ചെണ്ണ........ ആവശ്യത്തിന്
കറിവേപ്പില........... ആവശ്യത്തിന്
മല്ലിയില........... ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കരിമീനിന്റെ തല അതിന് മുകളില്‍ തന്നെ വച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകി നടുകീറി ചേരുവകള്‍ കുഴച്ച് ഇതിന് മുകളിലും ഉള്ളിലും തേയ്ക്കുക. എന്നിട്ട് വെളിച്ചെണ്ണയില്‍ ഒന്ന് വാട്ടിയെടുക്കുക. അതായത് ചെറുതായി ഒന്ന് വേവിച്ചെടുക്കുക. എന്നിട്ട് വാഴയിലയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിന് മുകളില്‍ കരിമീന്‍ വെച്ച് ബാക്കിയുള്ള മസാലക്കൂട്ട് ഇതില്‍ പൊതിഞ്ഞ് മുകളില്‍ കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും മല്ലിയിലയും വിതറി ഇല മടക്കി ഒരു നോണ്‍സ്റ്റിക്ക് പാനില്‍ രണ്ട് ഭാഗവും നന്നായി വേവിച്ചെടുക്കുക. പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വേണം വേവിക്കാന്‍. പച്ചക്കുരുമുളക് ആണെങ്കില്‍ ഒന്നുകൂടെ നന്നായിരിക്കും. ഓവന്‍ ഉണ്ടെങ്കില്‍ ഓവനില്‍ ഗ്രില്‍ ചെയ്തെടുത്താല്‍ മതി. ചെറുനാരങ്ങ വച്ച് അലങ്കരിക്കാം.