വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഡോക്ടറുടെ അടുത്ത് പോയാല്‍ തീര്‍ച്ചയായും ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഡോക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഇതില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദേശമായി ഡോക്ടര്‍മാര്‍ നല്‍കുന്ന ഒന്നാണ് മാതളം കഴിക്കുന്നതിന്റെ പ്രാധാന്യം. മാതളത്തിനുള്ള ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്.
എന്നാല്‍ രക്തത്തിലെ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, മറ്റൊരു കിടിലന്‍ ഗുണം കൂടി മാതളത്തിനുണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
അതായത് സ്ഥിരമായി മാതളം ജ്യൂസ് കഴിക്കുന്നത്, മൂത്രനാളിയിലുണ്ടാകുന്ന അണുബാധയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ജീവിതരീതികളില്‍ വന്ന മാറ്റങ്ങള്‍ മൂലം വലിയൊരു ശതമാനം ആളുകള്‍ അനുഭവിക്കുന്ന അസുഖമാണ് മൂത്രനാളിയിലെ അണുബാധ. പുകച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, രൂക്ഷമായ ഗന്ധം, ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നല്‍- ഇങ്ങനെ പലതരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന അസുഖമാണിത്.
ധാരാളം വെള്ളവും ജ്യൂസും കഴിക്കുന്നത് ഒരു പരിധി വരെ ഈ അസുഖത്തിന്റെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കും. ഇതിനെക്കാളൊക്കെ എത്രയോ ഇരട്ടി ഗുണമാണത്രേ മാതളം ജ്യൂസിന് നല്‍കാനാവുക!
ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. ഇത് ബാക്ടീരിയല്‍ അണുബാധകളെ പരമാവധി തടയുന്നു. കൂടാതെ മാതളത്തിലുള്ള വിറ്റാമിന്‍- സി, മൂത്രനാളിയിലെ അണുബാധയെ പ്രതിരോധിക്കാന്‍ വലിയ തോതില്‍ സഹായിക്കും. പ്രതിരോധശക്തിയെ ബലപ്പെടുത്താനാണ് വിറ്റാമിന്‍- സി ഏറെയും സഹായിക്കുക. കൂടാതെ ജ്യൂസാക്കി മാതളം കഴിക്കുമ്പോള്‍, മൂത്രത്തിന്റെ കട്ടി കുറയുകയും, കൂടുതല്‍ ജലാംശം കലര്‍ന്ന് അത് അസുഖത്തിന്റെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.