വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന വിധമുള്ള പാചകവിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് കിച്ചന്‍ ഹൈലൈറ്റ് എന്ന പരിപാടിയിലൂടെ മലയാളി ലൈഫ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് കാച്ചിയ മോരാണ്. ബാച്ചിലേഴ്‌സിനും വീട്ടമ്മമാര്‍ക്കും വെറും മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. തേങ്ങ വേണ്ടാത്ത മോരുകറി എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് ഇന്ന് നമ്മുക്ക് കാണാം.
വീട്ടില്‍ നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന വിഭവമാണ് കാച്ചിയ മോര്. ഇതിനായി വേണ്ടത്. നല്ല തൈര് ഒരു കപ്പ്/ കവര്‍, മൂന്നോ നാലോ പച്ചമുളക്, അഞ്ച് അല്ലി വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി നാലോ അഞ്ചോ ചെറിയ ഉള്ളി, രണ്ടോ മൂന്നോ വറ്റല്‍മുളക് എന്നിവയാണ് മോര് കാച്ചാനായി വേണ്ടത്. ആവശ്യം വേണ്ട ചേരുവകള്‍ കഴുകിയ ശേഷം ഉള്ളിയും, വെളുത്തുളളിയും ഇഞ്ചിയും അരിയുകയോ ചതയ്ക്കുകയോ ചെയ്യാം. പച്ച മുളക് നീളത്തില്‍ കീറി വയ്ക്കാം. വറ്റല്‍മുളക് പൊടിച്ച് വയ്ക്കാം.
മോര് കാച്ചാനായുള്ള പാത്രം അടുപ്പിലേക്ക് വച്ച് ആവശ്യത്തിന് വെളിച്ചണ്ണെ ഒഴിച്ച് ചെറിയ ചൂടില്‍ ചൂടാക്കുക. എണ്ണ മൂത്ത് വരുമ്പോള്‍ അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടിതുടങ്ങുമ്പോള്‍ അതിലേക്ക് അരിഞ്ഞ പച്ച മുളകും ചെറിയ ഉള്ളിയും ചേര്‍ക്കുക. അല്‍പനേരം നന്നായി ഇളിയ ശേഷം അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ഉണ്ടെങ്കില്‍ കറിവേപിലയും ചേര്‍ക്കുക, നന്നായി മൊരിഞ്ഞെന്ന് ഉറപ്പുവരുമ്പോള്‍ അതിലേക്ക് തൈര് കടഞ്ഞത് നന്നായി ഒഴിക്കുക. എണ്ണയില്‍ ഉള്ളി നന്നായി മൂത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ട് വേണം തൈര് ഒഴിക്കാന്‍.
ഉള്ളി കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. തൈര് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറിയ ചൂടില്‍ തന്നെ തൈര് ഇളക്കാനും ശ്രദ്ധിക്കണം. ചെറിയ ചൂടില്‍ തൈര് ഇളകി വരുമ്പോള്‍ ഇതിലേക്ക് ഒന്നര സ്പൂണ്‍ മഞ്ഞപ്പൊടി ചേര്‍ക്കുക. വീണ്ടും ഇളക്കിക്കൊടുക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന വറ്റല്‍ മുളക് ഇതിലേക്ക് ചേര്‍ത്ത് വീണ്ടും ഇളക്കുക. വറ്റല്‍മുളക് വേണ്ടാത്തവര്‍ ചേര്‍ക്കേണ്ട കാര്യമില്ല. ഇതിന് ശേഷം ഒന്നര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കണം അത് സ്വാദിന് മാത്രമല്ല മോര് പിരിയാതിരിക്കാനും ഉപകരിക്കും. പിന്നീട് അടുപ്പില്‍ അല്‍പനേരം കൂടി വച്ചതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് ഈ മോര് മാറ്റാവുന്നതാണ്. അധികം ചൂടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.