ചോറിനു വേറെ കറികൾ ഒന്നും തന്നെയില്ലെങ്കിലും ഒരു കൊണ്ടാട്ടം മുളക് കടിച്ചാൽ ധാരാളം ചോറുണ്ണാം .രുചികരമായ ഒരു മുളക് കൊണ്ടാട്ടം വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .
ആവശ്യമുള്ള സാധനങ്ങൾ : മുളക് – 2 കിലോ ,നല്ല പുളിയുള്ള, വെണ്ണ മാറ്റിയ മോര് – ഏകദേശം ഒന്നര ലിറ്റർ , ഉപ്പ് – പാകത്തിന് , വെയിൽ – നാലു ദിവസത്തെ .
ഉണ്ടാക്കുന്ന വിധം: മുളക് കഴുകിയെടുത്ത് ഓരോന്നും ഒരു ഈർക്കിൽ കൊണ്ടോ കത്തിമുനകൊണ്ടോ 1-2 ദ്വാരങ്ങൾ ഉണ്ടാക്കിയശേഷം സ്റ്റീമറിന്റെ തട്ടിൽ നിരത്തി ആവിയിൽ ഒന്നു വാട്ടിയെടുക്കുക(ഇതിനുപകരം വെയിലത്തിട്ട് വാട്ടിയെടുത്താലും മതി).
മോരിൽ പാകത്തിന് ഉപ്പു ചേർത്തിളക്കിയശേഷം ഈ മുളകുകൾ അതിലിട്ടു വയ്ക്കുക. നല്ല മുറുകെ മൂടി വച്ച് അടയ്ക്കാവുന്ന പാത്രം വേണം എടുക്കാൻ .ഒരു ദിവസം മുഴുവൻ മുളക് തൈരിൽ കിടക്കട്ടെ. പാത്രം അടച്ചുവയ്ക്കുക. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.
പിറ്റേദിവസം മുളക് മോരിൽനിന്നെടുത്ത് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ, പായയിലോ, വലിയ പ്ലേറ്റിലോ മറ്റോ നിരത്തി വെയിലത്തു വയ്ക്കുക. ബാക്കി വരുന്ന മോര് ഒരു കാരണവശാലും കളയരുത്.അത് കൊണ്ട് ഉപയോഗം ഉണ്ട്.വൈകുന്നേരം മുളകിനെ വീണ്ടും അതേ മോരിൽ ഇടുക. നന്നായി ഇളക്കി, മോര് എല്ലാ മുളകിലും പുരണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രിമുഴുവൻ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക.
ഓരോ ദിവസം കഴിയുന്തോറും പാത്രത്തിലെ മോര് കുറഞ്ഞുവരും. അങ്ങനെ മോര് തീരെ ഇല്ലാതാവുന്നതുവരെ ഈ പരിപാടി തുടരുക. മൂന്നുനാലു ദിവസം മതിയാവും. അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. നല്ല ഉണക്കായ ശേഷം ടിന്നിൽ ആക്കി സൂക്ഷിക്കാവുന്നതാണ് .കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ചോറിന്റെ കൂടെ ഉപയോഗിക്കാം.