ചായ ഉണ്ടാക്കുന്നത് ഒരു കലയാണ്. മറ്റേതൊരു കലാരൂപവും പോലെ തന്നെ പ്രവൃത്തിപരിചയത്തിലൂടെ നൈപുണ്യം നേടേണ്ട ഒരു സംഭവം. നല്ല ഏലക്കാ ചായ ഉണ്ടാക്കാൻ ഞാൻ ചെയ്യാറുള്ള കാര്യങ്ങൾ വിവരിക്കാം. പാലൊഴിച്ചുള്ള ഈ ചായക്ക് നമുക്ക് വേണ്ടത് 5 കാര്യങ്ങളാണ്.
വെള്ളം
ഏലക്കാ
പാൽ
ചായപ്പൊടി
പഞ്ചസാര
ചായ ഉണ്ടാക്കുന്ന രീതി.
നിങ്ങൾ ചായ കുടിക്കുന്ന കപ്പിൽ 3/4 വെള്ളം എടുത്തു വെക്കുക. അതിലേക്കു രണ്ടു ഏലക്കായ ചതച്ചു ഇടുക. (മീഡിയം സൈസ് ആണെങ്കിൽ 2, പ്രീമിയം ആണെങ്കിൽ ഒരെണ്ണം മതിയാവും.) പാത്രം അടച്ചു വെച്ച് തീ കത്തിക്കുക. 3-4 മിനിറ്റു തിളച്ചു കഴിയുമ്പോൾ അടപ്പു തുറന്നു 1/2 കപ്പ് പാലൊഴിക്കുക. വീണ്ടും തിളപ്പിക്കുക. ഇനി നിങ്ങൾ സാധാരണ ഇടുന്ന അത്രയും അളവിൽ ചായപ്പൊടി എടുത്തു, ഒരു നുള്ളു കൂടി അധികം ഇടുക. (ചായയുടെ കടുപ്പം വളരെ പ്രധാനമാണ്) തീ കുറച്ചു ( ഇനി തിളക്കരുത്) ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുത്തു കടുപ്പം കൃത്യമായി കഴിയുമ്പോൾ ആവശ്യത്തിന് പഞ്ചസാര ഇട്ടു അരിച്ചെടുക്കുക. ആകെയെടുത്ത ഒന്നേകാൽ കപ്പ് ഇപ്പോൾ കൃത്യം ഒരു കപ്പ് ആയിട്ടുണ്ടാവും.നന്നായിട്ടു ആറ്റി പതപ്പിച്ചു ഒരു ചാരുകസാരയിൽ കിടന്നു ഊതി ഊതി കുടിക്കുക.