ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. പലതരത്തിലുള്ള ബിരിയാനികൾ ഇന്ന് ലഭ്യമാണ്. എന്നാൽ വളരെ രുചികരമായി എങ്ങനെ ഹൈദരാബാദി ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ:
1. ബസ്മതി അരി - ഒരു കിലോ
2. ചിക്കൻ/മട്ടൺ - ഒരു കിലോ
3. സവാള - 6 എണ്ണം
4. തൈര് - മുക്കാൽ കപ്പ്
5. പാൽ - അര കപ്പ്
6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 6 ടേബിൾ സ്പൂൺ
7. പച്ചമുളക് - 6 എണ്ണം
8. ഗരം മസാല - ഒരു ടേബിൾ സ്പൂൺ
9. മഞ്ഞൾപ്പൊടി - ഒരു ടേബിൾ സ്പൂൺ
10. പൊതിന, കളർ - ആവശ്യത്തിന്
11. എണ്ണ, നെയ്യ്- ആവശ്യത്തിന്
12. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
13. ചെറുനാരങ്ങ - ഒന്ന്
തയ്യാറാക്കുന്ന വിധം:
എണ്ണ ഒഴിച്ച് രണ്ട് ഉള്ളി നേർമയായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക. ബാക്കി എണ്ണയിൽ ചിക്കൻ/ മട്ടൻ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് തൈര്, പാൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, പൊതിന എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കി വെക്കുക. ഒരു മണിക്കൂർ ഈ മസാലക്കൂട്ട് മാറ്റിവെക്കുക. ഇതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ സവാള മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.
ബസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞത് ഇട്ട് നന്നായി വാട്ടിയെടുക്കുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അരി ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറിയ തീയിൽ വേവിക്കുക. മുക്കാൽ വേവിൽ ചോറ് വേവിക്കുക. ഇതിലേക്ക് നെയ്യ് ചേർക്കുക
ഇനി ഇറച്ചി മസാല കൂട്ടിലേക്ക് ചോറ് ഇടുക. അതിന്റെ മുകളിൽ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന വിതറുക. നാരങ്ങ നീരിൽ കളർ ചേർത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് തവി കൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളിൽ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് തവി കൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയിൽ ദമ്മ് ആക്കി വെക്കുക. അത് ഒന്ന് സെറ്റായി കഴിഞ്ഞാൽ ചോറ് മുഴുവൻ വേറൊരു പാത്രത്തിൽ ഇട്ട് മിക്സ് ചെയ്യുക. മസാല വേറേ തന്നെ വിളമ്പുക. ചോറ് വേറേ വിളമ്പുക. സ്വാദിഷ്ടമായ ഹൈദരബാദി ബിരിയാണി റെഡി.