നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനെതിരെ കേദര്‍നാഥ് സിനിമയുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അഭിഷേക് കപൂര്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്‌ക്കെതിരെ പരാതി നല്‍കിയത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ തന്റെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു സാറയുടെ ആഗ്രഹം. സാറ കാരണം കേദര്‍നാഥിന്റെ നിര്‍മാതാക്കള്‍ അനുഭവിച്ച സമ്മര്‍ദ്ദം ഭീകരമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചത്- അഭിഷേക് കപൂര്‍ പറഞ്ഞു.
2018 സെപ്തംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാറ ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിംബ ഏറ്റെടുത്തതോടു കൂടി ജൂണ്‍ അവസാനം വരെ കേദര്‍നാഥിനായി തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് സാറ മനേജര്‍ വഴി അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സാറ കോദര്‍നാഥ് പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സാറയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ് കേദര്‍നാഥ് വാര്‍ത്തകളിലിടം പിടിച്ചത്. സുശാന്ത് സിംഗ് രജ്പുതാണ് നായകന്‍. നവംബര്‍ 30നാണ് സിനിമയുടെ റിലീസ് ചെയ്തത്. സിനിമ ബോക്സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും സാറയുടെ പ്രകടനം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.