തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' ടീസര്‍ പുറത്ത്. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ഈ ടീസര്‍ നല്‍കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നല്‍കുന്ന ടീസര്‍, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാന്‍വാസും കാണിച്ചു തരുന്നുണ്ട്.
ശിവന്‍ ശ്രീരാമന് സമ്മാനിച്ച ദിവ്യ രാജദണ്ഡമായ ചെങ്കോലിന്റെ പുരാണവുമായി ചേര്‍ന്നാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. നാടുകടത്തപ്പെടുന്ന ചെങ്കോലിനു വേണ്ടി യുദ്ധങ്ങള്‍ നടക്കുന്നു. എങ്കിലും അത് സ്വന്തമാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ നിര്‍ണായക ഘട്ടത്തില്‍, ശക്തിയെ മാത്രമല്ല, അചഞ്ചലമായ ധീരതയെയും ആശ്രയിക്കുന്ന നിര്‍ഭയനായ ഒരു യോദ്ധാവായി ചിത്രത്തിലെ നായകന്‍ ഉയര്‍ന്നുവരുന്നു. ധര്‍മ്മത്തിന്റെ പുനരുത്ഥാനത്തിനായുള്ള യുദ്ധം അദ്ദേഹത്തിന്റെ വിധിയായി മാറുന്നു.
ചെങ്കോലിന്റെ പുരാതന ഉത്ഭവം പര്യവേക്ഷണം ചെയ്തുകൊണ്ട്, ചരിത്രത്തിന്റെ അത്ര അറിയപ്പെടാത്ത ഒരു അധ്യായം ആണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പര്യവേക്ഷണം ചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തില്‍ ഒരു ആകര്‍ഷകമായ ഇതിഹാസ യുദ്ധകഥയാണ് അദ്ദേഹം ഒരുക്കുന്നത്. നിഖില്‍ സിദ്ധാര്‍ത്ഥ തന്റെ ഗംഭീര ലുക്കിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. നീണ്ട മുടി, ചുരുണ്ട മീശ, പരുക്കന്‍ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് അദ്ദേഹം ഇതിലെത്തുന്നത്. അദ്ദേഹത്തിന്റെ ഗംഭീര ആക്ഷന്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസര്‍ സൂചിപ്പിക്കുന്നു.
മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങള്‍. ഇവര്‍ രണ്ടു പേരും, സുബ്ബരാജു, സുനില്‍ തുടങ്ങിയ താരങ്ങളും ടീസറിന്റെ ഭാഗമാണ്. ഹൈദരാബാദിലെ പ്രസാദ് പി. സി. എക്‌സ് തിയേറ്ററില്‍ 3ഡി ഫോര്‍മാറ്റില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ടീസര്‍, കാണികളെ വിസ്മയിപ്പിക്കുന്ന നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവി ബസ്റൂര്‍ ഒരുക്കിയ സംഗീതവും, സെന്തില്‍ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സും ടീസറിന്റെ മികവ് ഉയര്‍ത്തുന്നുണ്ട്.
വമ്പന്‍ ബജറ്റും ഉയര്‍ന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാന്‍വാസില്‍, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമ്മര്‍ റിലീസായി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തില്‍ കുമാര്‍, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷന്‍ ഡിസൈനര്‍സ്- എം. പ്രഭാകരന്‍, രവീന്ദര്‍, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷന്‍ - കിങ് സോളമന്‍, സ്റ്റണ്ട് സില്‍വ, വരികള്‍ - രാമജോഗയ്യ ശാസ്ത്രി, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.