ആലപ്പി അഷ്‌റഫ് തന്റെ ചാനലിലൂടെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തി ജീവിതത്തിലെ സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ പങ്ക് വക്കാറുണ്ട്. കഴിഞ്ഞദിവസം മോഹന്‍ലാലിനെ കുറിച്ച് പങ്ക് വച്ച ചില വാക്കുകളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.യാത്രയില്‍ മോഹന്‍ലാലിന്റെ ശ്വാസം പോലും നിലച്ച് പോകുന്നൊരു അനുഭവം ഉണ്ടായതാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ഓസ്ട്രേലിയയിലേക്ക് പ്രിയദര്‍ശനും കുടുംബവും ഒന്നിച്ച് പോയ യാത്രയില്‍ വെച്ച് മകള്‍ വിസ്മയയെ കാണാതെ പോവുകയായിരുന്നു. എല്ലാവര്‍ക്കും ഉത്തരവാദിത്തെ കുറിച്ച് ക്ലാസ് എടുത്ത് കൊടുത്ത മോഹന്‍ലാലിന് അബദ്ധങ്ങള്‍ മാത്രമായിരുന്നു സംഭവിച്ചതെന്നും ആലപ്പി അഷ്റഫ് പറയുന്നു.
'മോഹന്‍ലാലും പ്രിയദര്‍ശനും ഭാര്യമാരുടെയും മക്കളുടെയും കൂടെ ഓസ്ട്രേലിയയിലേക്ക് യാത്ര പോയി. ഇരുവര്‍ക്കും രണ്ട് മക്കള്‍ വീതമാണ്. മാതാപിതാക്കളെ പോലെ മക്കള്‍ തമ്മിലും നല്ല അടുപ്പം ഉണ്ടായിരുന്നു. അവര്‍ക്ക് കളിക്കാനുള്ള കളിപ്പാട്ടവുമൊക്കെ കൊണ്ടാണ് പോകുന്നത്. അങ്ങനെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷമാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലെന്ന് അറിയുന്നത്.
അതെന്താ എടുക്കാത്തതെന്ന് ഭാര്യമാരോടും മക്കളോടുമൊക്കെ ലാല്‍ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. ഇതോടെ മോഹന്‍ലാല്‍ തന്നെ എല്ലാവരുടെയും പാസ്പോര്‍ട്ടും പൈസയുമൊക്കെ വാങ്ങി ഒരു ബാഗിലാക്കി സൂക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കാറില്‍ കയറി താമസസ്ഥലത്തേക്ക് പോയി. അഞ്ചോ ആറോ മണിക്കൂറോളം യാത്ര പോയിട്ട് വേണം അവര്‍ക്ക് താമസിക്കാനുള്ള സ്ഥലമെത്താന്‍. ഈ യാത്രയിലൊക്കെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് മോഹന്‍ലാല്‍ ക്ലാസ് എടുത്ത് കൊടുത്ത് കൊണ്ടേയിരുന്നു.
ഏകദേശം ഒന്നൊന്നര മണിക്കൂര്‍ ക്ലാസ് എടുത്തതിന് ശേഷമാണ് എല്ലാവരുടെയും പാസ്പോര്‍ട്ടും പണവും വെച്ച ബാഗ് ലാല്‍ എടുക്കാന്‍ മറന്നെന്ന കാര്യം അറിയുന്നത്. മറ്റ് ലഗ്വേജ് കയറ്റുന്ന സമയത്ത് ഒരു തൂണിന് ചുവട്ടില്‍ മറ്റേ ബാഗ് വെച്ചിരുന്നു. അതെടുക്കാന്‍ അദ്ദേഹം മറന്നു. ഈ വിവരം അറിഞ്ഞപ്പോഴെക്കും കാര്‍ പകുതി ദൂരം പിന്നിട്ടു. തിരിച്ച് ബാഗ് എടുക്കാന്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ശരിക്കുമൊരു ശ്മാശനമൂഖതയിലായിരുന്നു.
അന്ന് ലാലിന്റെ സമയം നല്ലതായിരുന്നത് കൊണ്ട് അവരുടെ ബാഗ് തൂണിന്റെ ചുവട്ടില്‍ സുരക്ഷിതമായി ഇരിക്കുന്ന നിലയില്‍ തിരികെ ലഭിച്ചു. അങ്ങനെ ബാഗ് കിട്ടിയ ശേഷം ഇവര്‍ ഹോട്ടലിലെത്തി. 34-ാമത്തെ നിലയിലായിരുന്നു അവരുടെ താമസം. ശേഷം താഴേക്ക് വരുമ്പോള്‍ പന്ത്രണ്ടാമത്തെ നിലയില്‍ എത്തിയപ്പോള്‍ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങിയവരുടെ കൂട്ടത്തില്‍ ലാലിന്റെ മകള്‍ വിസ്മയയും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കണ്ടപ്പോഴെക്കും ലിഫ്റ്റ് താഴേക്ക് പോയി. മാത്രമല്ല ഓപ്പോസിറ്റ് വേറൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ടതോടെ വിസ്മയ അതില്‍ പോയി കയറി. പിന്നീടുണ്ടായ ഓരോ നിമിഷവും മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്സിനെക്കാളും ഭീകരമായിരുന്നു. മകള്‍ എവിടെ പോയെന്ന് അറിയാതെ ആകെ പാനിക്ക് ആയ ലാലിന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അദ്ദേഹം ഓരോ ഫ്ളോറിലും കയറി മകളെ തപ്പി. ഇങ്ങനൊരു ലാലേട്ടനെ അതുവരെ കണ്ടിട്ടില്ലെന്നാണ് ലിസി പറഞ്ഞത്. ഏതൊരു നിമിഷവും പൊട്ടിക്കരഞ്ഞ് പോയേക്കുമെന്ന അവസ്ഥയിലേക്ക് ലാല്‍ എത്തി. അങ്ങനെ ഏറെ നേരം തപ്പിയതിനൊടുവില്‍ മുപ്പതാമത്തെ നിലയില്‍ നിന്നുമാണ് വിസ്മയയെ കണ്ടെത്തുന്നത്.' ഇതോടെയാണ് അദ്ദേഹത്തിന് ശ്വാസം നേരെ വീണതെന്നും ആലപ്പി അഷ്റഫ് പറയുന്നു.