ദളപതി വിജയ്യുടെ വലിയ ആരാധികയാണ് താന്‍ എന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളയാളാണ് നടി മമിത ബൈജു. വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും നടി മുന്‍പ് മനസുതുറന്നിരുന്നു. ഇതിന് പിന്നാലെ വിജയ്യുടെ അവസാന സിനിമയായ ജനനായകനില്‍ മമിത ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രഖ്യാപനവും വന്നു. ഇപ്പോഴിതാ ദളപതിയുടെ ഹിറ്റ് ഗാനമായ വാത്തി കമിങ്ങിന് നടി ചുവടുവെക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമിത ബൈജു നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമായ ഇരണ്ടു വാനം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചടങ്ങിനിടെ നടന്ന പരിപാടിയിലാണ് വാത്തി കമിങ്ങിന് നടി ചുവടുവച്ചത്. നടന്‍ വിഷ്ണു വിശാലും ഒപ്പമുണ്ട്. ഇരുവരും ആര്‍ത്തുല്ലസിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലറായ രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റാംകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരണ്ടു വാനം. ഒരു ഫാന്റസി റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
മമിത ബൈജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്റെ നായികയായ റിബല്‍, വിജയ്യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 ആണ് ഇനി പുറത്തിറങ്ങാനുള്ള മമിത ബൈജു ചിത്രം. ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.