തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങളുമായി നടന്‍ വിശാല്‍. സിനിമാ മേഖലയില്‍ നിന്നൊരാള്‍ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതില്‍ വലിയ അഭിമാനമുണ്ടെന്ന് വിശാല്‍ പറഞ്ഞു. തന്റെ പ്രിയപ്പെട്ട 'ദളപതി' ഭരണത്തലവനായി എത്തുമ്പോള്‍ അത് തമിഴ്നാടിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിശാലിന്റെ പ്രതികരണം.
കഴിഞ്ഞ 32 വര്‍ഷമായി തനിക്ക് നേരിട്ട് അറിയാവുന്ന സുഹൃത്തിനെ 'സാര്‍' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് വിശാല്‍ കുറിച്ചു. വെറുമൊരു ആശംസയില്‍ ഒതുക്കാതെ, ഒരു വോട്ടര്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില സാമൂഹിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ എപ്പോഴും വിളിക്കാന്‍ ഇഷ്ടപ്പെടുന്നതുപോലെ ദളപതി വിജയ് സാറിന് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മുടെ ചലച്ചിത്ര മേഖലയില്‍ നിന്നൊരാള്‍ സര്‍ക്കാരിനെ നയിക്കാന്‍ വരുന്നത് കാണുന്നതില്‍ വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എല്‍.എമാര്‍ക്കും ഭാവി മന്ത്രിമാര്‍ക്കും എന്റെ ആശംസകള്‍ നേരുന്നതോടൊപ്പം ഇത് നമ്മുടെ സംസ്ഥാനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി വിജയ് സാര്‍, കഴിഞ്ഞ 32 വര്‍ഷമായി എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ ഇപ്പോള്‍ 'സാര്‍' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ വലിയ അഭിമാനമുണ്ട്. ഒരു വോട്ടര്‍ എന്ന നിലയില്‍ താങ്കളോട് ചില കാര്യങ്ങള്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്. മുഖ്യമന്ത്രി വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നില്‍ക്കേണ്ടി വരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ബുദ്ധിമുട്ടുകള്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവര്‍ക്കായി മൊബൈല്‍ ടോയ്ലറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരുപാട് വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ടെന്ന് അറിയാം, എങ്കിലും കഴിഞ്ഞ 30 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയില്‍ മലിനജല ഓടകള്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ വേണം. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത് മുന്‍പൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാന്‍ താങ്കളെ സഹായിക്കും. പൊതുജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കള്‍ക്ക് നല്‍കട്ടെ.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പലരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേരുന്നുണ്ടെങ്കിലും, കൃത്യമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിശാലിന്റെ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.