മലയാള സിനിമയിലെ താരദമ്പതികളായ നടന്‍ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇരുവര്‍ക്കുമിടയിലെ ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരുമാസമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരുടെയും വേര്‍പിരിയല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയില്‍ നിറയുതയാണ്.2013-ലായിരുന്നു മലയാള സിനിമയിലെ താര കുടുംബത്തില്‍ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് വിനുവും വിദ്യയും.
സോഷ്യല്‍ മീഡിയയിലും സജീവമായിരുന്ന ഇരുവരുടെയും വിഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വിനു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും വിദ്യയുമായുളള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാല്‍ വിദ്യയുടെ പേജില്‍ ഇപ്പോഴും ഇവര്‍ ഒരുമിച്ചുളള ചിത്രങ്ങളുണ്ട്. മാത്രമല്ല ഇന്‍സ്റ്റ്ഗ്രാം പേജിലെ അക്കൗണ്ടിന്റ പേരും വിദ്യ വിനു മോഹന്‍ എന്നാണ്.
വേര്‍പിരിയലിന്റെ കൃത്യമായ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ലെങ്കിലും, ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. 'നിവേദ്യം' എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകനും നടന്‍ അനു മോഹന്റെ സഹോദരനുമാണ്. നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് വിദ്യ.
2007-ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമായ 'ദണ്ഡയുതപാണി'യില്‍ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009-ല്‍ 'നീലാംബരി'യിലൂടെ മലയാളത്തിലെത്തി. തുടര്‍ന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ് എന്നിവയുള്‍പ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. സിനിമകള്‍ കൂടാതെ തമിഴ് മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.