ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു സ്റ്റേ. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കഴിഞ്ഞമാസമാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.
സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍ പറഞ്ഞതിങ്ങനെയാണ്. ിനിമയിലെ തങ്ങളുടെ ആധിപത്യം കൈവിട്ടു പോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും വിനയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വിനയന്റെ പ്രതികരണം.
റിപ്പോര്‍ട്ട് പുറത്തുവരാത്തതിന് പിന്നില്‍ ചിലരുടെ ഭയമാണ്. കുറച്ചുപേരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും ചിന്തിക്കുന്നുവെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയില്ല എന്നാണ് വിനയന്‍ പറഞ്ഞത്.
കോടതിവിധി കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം ഇത് സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ്. ആ റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പാടില്ലെന്നും പറഞ്ഞു. അങ്ങനെയാണ് അത് ഇറക്കാന്‍ പോകുന്നതെന്നും നമ്മള്‍ അറിഞ്ഞു. എന്നിട്ടും ആരാണ് ഇത്ര ഭയക്കുന്നത് എന്ന ഒരു ഞെട്ടലാണ്. മലയാള സിനിമയില്‍ മോശമായ ചില പ്രവണതകളൊക്കെ ഉണ്ട്, അതൊക്കെ മാറ്റണം എന്ന പൊതുവായ ഒരു റിപ്പോര്‍ട്ട് ആണെങ്കില്‍ അത്തരം കാര്യങ്ങളൊന്നും വേണ്ട, ഇത് ഇങ്ങനെ തന്നെ അങ്ങ് പൊക്കോട്ടെ എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്നതാണ് പ്രശ്‌നം. ചിലരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും പോലും ചിന്തിക്കുന്നുവെങ്കില്‍ പിന്നെ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയും ഇല്ല. അതാണ് സത്യം', വിനയന്‍ പറയുന്നു.
'മലയാള സിനിമയുടെ ഒരു ഭാഗം ചിലരുടെ കൈയിലാണ് എന്ന ഒരു സാഹചര്യം ഉണ്ട്. ജസ്റ്റിസ് ഹേമ മൂന്ന് പ്രാവശ്യം എന്നെ വിളിപ്പിച്ചിരുന്നു. ഞാന്‍ നേരിട്ട വിലക്കിനെക്കുറിച്ച് ചോദിക്കാനായിരുന്നു അത്. ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുന്ന മലയാള സിനിമയിലെ പ്രവണത ആ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് എന്റെ വിചാരം. ഒരു കാര്യം വ്യക്തമാണ്. സിനിമയിലെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നു. അതിന് അവര്‍ എന്ത് പണിയും ചെയ്യും. അതിന് അവര്‍ സര്‍ക്കാരിനെയും കോടതിയെയുമൊക്കെ ഉപയോഗിക്കുന്നു', വിനയന്റെ വാക്കുകള്‍.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഒരാഴ്ച്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.
വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെക്കണമെന്ന വ്യവസ്ഥയില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റില്‍ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഹേമ കമ്മീഷന് മുന്‍പില്‍ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
സമര്‍പ്പിക്കപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സിനിമയിലെ വമ്പന്‍ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് വന്നതുകൊണ്ട് തന്നെ മലയാള സിനിമയിലെ പല പ്രമുഖരും വലയിലാവുമെന്ന കാര്യം ഉറപ്പാണ്.