വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ടി'ന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വിമാനത്താവളത്തില്‍ ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ വൈകിട്ട് അഞ്ചിന് ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിയ വിജയ്യെ കാത്ത് ആയിരക്കണക്കിന് ആരാധകര്‍ രാവിലെ 7 മുതല്‍ കട്ടൗട്ടുകളുമായി കാത്തുനില്‍ക്കുകയായിരുന്നു.
ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തി. ആഭ്യന്തര ടെര്‍മിനലിലെത്തിയ വിജയ്?യെ കാത്ത് ജനസാഗരമായിരുന്നു വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നത്. വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
ബാനറുകളും ഫ്ളെക്സ് ബോര്‍ഡുകളുമായി ആരാധകസംഘം ഉച്ചമുതല്‍ തന്നെ വിമാനത്താവളത്തില്‍ കൂടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഏറെ പണിപ്പെട്ടാണ് താരത്തെ ഹോട്ടലില്‍ എത്തിച്ചത്.
ുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ ക്ലീന്‍ ഷേവ് ലുക്കിലെത്തിയ വിജയ് കാറില്‍ കയറിയപ്പോഴേക്കും ആരാധകര്‍ പൊതിഞ്ഞു. കാറിന്റെ സണ്‍റൂഫ് തുറന്ന് അഭിവാദ്യം ചെയ്തപ്പോള്‍ പൂക്കള്‍ വാരിയെറിഞ്ഞായിരുന്നു ആരാധകരുടെ വരവേല്‍പ്പ്. പൊലീസ് എത്തി ആരാധകരെ വകഞ്ഞുമാറ്റിയാണ് കാര്‍ മുന്നോട്ടെടുത്തത്.
ഇതിനിടെ വിജയ് സഞ്ചരിച്ച കാറിനും കേടുപാടുകളുണ്ടായി.ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‌യുടെ കാറിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്.
ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന 'ഗോട്ടി'ന്റെ ക്ലൈമാക്സ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇതിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു.
ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു.