ബോളിവുഡ് സെലിബ്രിറ്റികളില്‍ പലരും മുംബൈയില്‍ ഒന്നിലേറെ ആഢംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയപ്പോഴും അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നടി വിദ്യാ ബാലന്‍. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം മുംബൈയില്‍ വാടക വീട്ടിലാണ് വിദ്യാ ബാലന്റെ താമസം.
കോടികളുടെ ആസ്തിയുണ്ടായിട്ടും ഇപ്പോഴും വാടക വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് സിഡ്നിയില്‍ നടന്ന 22-ാമത് ക്രെഡല്‍ നാറ്റ്കോണ്‍ ഇവന്റിനിടയില്‍ വിദ്യ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.ഒരു സ്വപ്നഭവനം വാങ്ങാനായി കുറേ ശ്രമിച്ചെങ്കിലും ഒരു വീടിനോടും ''കിസ്മത് കണക്ഷന്‍'' കിട്ടിയില്ലെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്.
മനസ്സിനിണങ്ങിയ തികഞ്ഞൊരു വീട് കണ്ടെത്തുക എന്നത് വിധിയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണെന്നും വിദ്യാ ബാലന്‍ പറയുന്നു. ''നിങ്ങള്‍ ഒരു വീട്ടിലേക്ക് നടക്കുന്നു, അത് നിങ്ങളുടേതാണെന്ന് നിങ്ങള്‍ക്കു തോന്നുന്നു,'' ആ അനുഭവമാണ് സ്വപ്നഭവനം എന്ന സങ്കല്‍പ്പത്തില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുമൊത്തുള്ള തന്റെ ഹൗസ് - ഹണ്ടിംഗ് അനുഭവവും വിദ്യ പങ്കുവച്ചു. ചെമ്പൂരിലേക്കുള്ള ദീര്‍ഘമായ യാത്ര ഒഴിവാക്കാന്‍ ബാന്ദ്രയ്‌ക്കോ ജുഹുവിനോ അടുത്തുള്ള സ്ഥലം അന്വേഷിക്കുകയായിരുന്നു അതെന്നും വിദ്യ പറഞ്ഞു. വീട് അന്വേഷണത്തിനിടെ എല്ലാം തികഞ്ഞൊരു വീട് കണ്ടെത്തിയെങ്കിലും അത് തന്റെ ബജറ്റിന് അപ്പുറമായിരുന്നു. എന്നിരുന്നാലും ലോണ്‍ എടുത്ത് ഇഎംഐയായി പണം അടക്കാമെന്ന് അമ്മ പ്രോത്സാഹിച്ചതോടെ ആ വീട് വാങ്ങുകയായിരുന്നു. ''ഞാന്‍ ആ വീട്ടിലേക്ക് നടന്നപ്പോള്‍, അത് എന്റെ വീടാണെന്ന് തോന്നി.'
ചലച്ചിത്ര നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചതിനു പിന്നാലെ വീണ്ടും പുതിയ വീടിനുള്ള ഹൗസ്- ഹണ്ട് തുടര്‍ന്നു. ''ഞങ്ങള്‍ ഏകദേശം 25 വീടുകള്‍ പരിശോധിച്ചെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല. ഒടുവില്‍, ഞങ്ങള്‍ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഒരു വീട് കണ്ടെത്തി, അതാണെങ്കില്‍ വില്‍പ്പനയ്ക്കില്ലായിരുന്നു, വാടകയ്ക്കേ നല്‍കൂ. ഞാന്‍ എപ്പോഴും പറയുമായിരുന്നു, എനിക്ക് വാടക വീട്ടില്‍ താമസിക്കാന്‍ താല്‍പ്പര്യമില്ലെന്ന്. അതിനാല്‍ ആദ്യം ഞങ്ങള്‍ തിരികെ പോയി.'
>വീണ്ടും പല വീടുകളും പോയി നോക്കിയെങ്കിലും ഒന്നും ശരിയാവാത്തതിനാല്‍, വീണ്ടും മനസ്സിനിഷ്ടപ്പെട്ട ആ പ്രോപ്പര്‍ട്ടി തന്നെ സന്ദര്‍ശിക്കുകയും ഒടുവില്‍ അത് വാടകയ്ക്ക് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തില്‍ ഒരു പൂന്തോട്ടവും കടല്‍ കാഴ്ചയും കണ്ടെത്തുന്നത് അപൂര്‍വമാണെന്നും അതിനാലാണ് വാടകയ്ക്ക് ആണെങ്കിലും ആ വീട്ടില്‍ താമസിക്കാമെന്നു തീരുമാനിച്ചതെന്നും വിദ്യ പറഞ്ഞു. കനത്ത തുക വാടകയായി നല്‍കുന്നുവെങ്കിലും മനസ്സിനിണങ്ങിയ വീട്ടിലാണ് താമസമെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
ഹൌസിങ്ങ് ഡോട്ട് കോം പറയുന്നതനുസരിച്ച്, വിദ്യാ ബാലന്റെ ഈ വാടകവീട് അതിന്റെ തടി ഫര്‍ണിച്ചറുകള്‍, ആകര്‍ഷകമായ കലാ ശേഖരം, എന്നിവയാല്‍ അതിമനോഹരമാണ്. വിശാലമായ സ്വീകരണമുറിയുടെ ഫ്‌ളോര്‍ തടി കൊണ്ടുള്ളതാണ്. പ്രാദേശികമായ വസ്തുക്കളാല്‍ നിര്‍മ്മിച്ച ഈ വീട് ഒരു മിനി-ഗാലറിയോട് സാമ്യമുള്ളതാണ്. വലിയൊരു പുസ്തക ശേഖരം, ആകര്‍ഷകമായ ചെടികള്‍, വലിയൊരു ഗണപതി പ്രതിമ എന്നിവയും ഇവിടെയുണ്ട്.