വിശേഷണങ്ങള്‍ക്കപ്പുറം പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭയാണ് തിലകന്‍. 2012 സെപ്തംബര്‍ 24നായിരുന്നു തിലകന്‍ ഈ ലോകത്ത് നിന്നും മാഞ്ഞുപോയത്. ആ വിയോഗം എപ്പോഴും മലയാള സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു..
അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്റെ വരവ്. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍വിവിധ നാടകങ്ങളില്‍ അഭിനയിച്ചു.43 നാടകങ്ങള്‍ സംവിധാനം ചെയ്തു. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ തിലകന്‍ കെപിഎസിയിലും കാളിദാസ കലാകേന്ദ്രത്തിലും ഉള്‍പ്പെടെ നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു.
1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവടു മാറ്റുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.അച്ഛന്‍
വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല.
വില്ലന്‍ കഥാപാത്രങ്ങളും കോമഡി റോളുകളും തിലകന് ഒരുപോലെ വഴങ്ങിയിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലെ ദാമോദര്‍ ഭായിയും പ്രേക്ഷകരെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു.
യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.സീന്ഒന്ന് നമ്മുടെ വീടായിരുന്നു തിലകന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം, ദേശീയ സ്‌പെഷ്യല്‍ ജൂറി പുരസ്ാരം, 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം, ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം, കൂടാതെ മറ്റ് പുരസ്‌കാരങ്ങള്‍ എന്നിവ തിലകന്റെ നേട്ടങ്ങളാണ്.2009 പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു.
മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പതിമൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍ രംഗത്തെത്തി.
'എന്റെ മുത്തച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് 13 വര്‍ഷങ്ങള്‍ തികയുന്നു.ഞാന്‍ ഒരു നടനാകുന്നത് കാണാനും, അദ്ദേഹത്തിന്റെ സ്വപ്നങ്ങളും അനുഗ്രഹങ്ങളും എല്ലാ ദിവസവും എന്നോടൊപ്പം കൊണ്ടുപോകാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു.ഇന്നും എപ്പോഴും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു 'അഭിമന്യു കുറിച്ചു.
ഇന്ന് അഭിനയരംഗത്ത് സജീവമാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിമന്യുവിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങറ്റം. ജഗദീഷിന്റെ മകനായ റസല്‍ എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രത്തെയാണ് അഭിമന്യു അവതരിപ്പിച്ചത്.
മുത്തച്ഛനെയും അച്ഛനെയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അഭിമന്യുവിന്റെ പ്രകടനം എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിന്റെ കാര്യത്തിലും അഭിമന്യു അച്ഛനെയും മുത്തച്ഛനെയും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു.
തിലകന്റെ മകനും നടനുമായ ഷമ്മി തിലകനും കുറിപ്പ് പങ്ക് വച്ചെത്തി. തിലകന്റെയും സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെയും ചിത്രത്തിനൊപ്പമാണ് ഷമ്മിയുടെ പോസ്റ്റ്. കെ.ജി. ജോര്‍ജിന്റെയും ഓര്‍മ ദിവസം ഇന്നാണ്.
എന്റെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ രണ്ട് ഗുരുക്കന്മാര്‍...! ഒന്നിലും ഒരിക്കലും തോല്‍ക്കാത്ത മഹാനടന്മാരുടെ മുന്‍നിരയില്‍ തന്നെ കാലം പേര് ചേര്‍ത്ത് എഴുതിയ നടന കുലപതിയും, മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മഹാപ്രതിഭയും..! അഭിനയത്തിന്റെ അനന്തസാധ്യതകള്‍ അച്ഛന്‍ പകര്‍ന്നു തന്നപ്പോള്‍..; സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ കെ.ജി. ജോര്‍ജ് സാറും സമ്മാനിച്ചു..! ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഒരുപിടി കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു. പ്രണാമം'.- ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.