മീ ടു ക്യാമ്പയിനിലൂടെ തങ്ങള്‍ നേരിട്ട് ലൈംഗിക പീഡനങ്ങളെക്കുറിച്ച് നടിമാര്‍ തുറന്നു പറയുന്നത് നാം കേട്ടിട്ടുണ്ട്. ഹോളിവുഡില്‍ നിന്നും തുടങ്ങിയ ഈ ക്യാമ്പയിന്‍ ലോകം ഏറ്റുപിടിക്കുകയും പിന്നീട് അത് ബോളിവുഡിലേക്ക് കൂടി പടരുകയും ചെയ്തു. രാധികാ ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, കൊങ്കണ സെന്‍ശര്‍മ്മ എന്നിവര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്നുപറയുകയും ചെയ്തു. ഇവര്‍ക്ക് പിന്നാലെ മറ്റൊരു നടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് താരമായ തനുശ്രീ ദത്തയാണ് സിനിമാ സെറ്റില്‍ നേരിട്ട പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഓരോരുത്തരുടെയും പേര് പറഞ്ഞാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍.
2008-ല്‍ പ്രശസ്ത നടന്‍ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ പറയുന്നു. സെറ്റില്‍ വച്ച് പടേക്കര്‍ തന്നോട് മോശമായി പെരുമാറുകയും കൈകളില്‍ പിടിക്കുകയും ചെയ്തു. കൂടാതെ അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് പലയിടത്തും തുറന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന് തനുശ്രീ വ്യക്തമാക്കി. 'നമ്മുടെ നാട്ടില്‍ കപടനാട്യമാണ് ഏറെയും. എന്ത് കൊണ്ടാണ് മീ ടൂ ഇന്ത്യയില്‍ സംഭവിക്കാത്തതെന്ന് ആളുകള്‍ ചോദിക്കുന്നു. എന്നാല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഒന്നും സംഭവിക്കാത്തിടത്തോളം അത് അങ്ങിനെ തന്നെയാകും', തനുശ്രീ പറയുന്നു. കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും തനുശ്രീ ആരോപണമുന്നയിക്കുന്നുണ്ട്.
താന്‍ നേരിട്ട അപമാനം തുറന്നുപറഞ്ഞിട്ടും സിനിമയില്‍ നിന്നും ഒരാള്‍ പോലും അനുകൂലിച്ച് ഒരു വാക്ക് മിണ്ടിയില്ല. പിന്നെ സ്ത്രീ വിമോചനത്തിനായി ഇവരൊക്കെ എത്ര ബഹളം വെച്ചാലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് തനുശ്രീ ദത്ത പറയുന്നു.