ചിയാന്‍ ആരാധകരെ വിസ്മയിപ്പിക്കാനിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രം 'തങ്കലാന്' എത്താന്‍ വൈകും. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് പുതിയ വിവരം. എന്നാല്‍ ഏത് ദിവസമായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ നിര്‍മ്മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുന്നത്. ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിക്രമിന്റെ 61ാമത്തെ സിനിമയായ തങ്കലാന് 2021ല്‍ ആയിരുന്നു പ്രഖ്യാപിച്ചത്. 2022 ഒക്ടോബറില്‍ ആയിരുന്നു തങ്കലാന് എന്ന ടൈറ്റില്‍ പുറത്തുവിട്ടത്. ചെന്നൈ, ആന്ധ്ര പ്രദേശ്, മധുരൈ, കര്‍ണാടക എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍-പ്രൊമോഷന് പരിപാടികള്‍ക്ക് വേണ്ടി ഇനിയും സമയം ആവശ്യമായതിനാലാണ് റിലീസ് വൈകുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത2023ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രംഈ വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്യും എന്നായിരുന്നു വിവരം.
എന്നാല്‍ സിനിമയുടെ തിയേറ്റര്‍ റിലീസിന് മുമ്പ് ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആഗ്രഹം. ഇതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീട്ടിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രം ഏപ്രിലില്‍ അല്ലെങ്കില്‍ ജൂണിലോ ജൂലൈയിലോ ആകും തിയേറ്ററുകളില്‍ എത്തുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്. വിക്രം ആരാധകരേയും സിനിമാപ്രേമികളേയും പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും നല്‍കിയത്. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മേക്കിംഗ് വീഡിയോ നേരത്തേ പുറത്തിറക്കിയിരുന്നു.
പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. സംവിധായകന് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.