തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളേയും പരിശീലകനേയും പുറത്തെത്തിച്ച ആശ്വാസത്തിലാണ് ലോകം. ആകാംക്ഷയുടെ 18 ദിവസങ്ങൾക്കു ശേഷം തായ് ഗുഹയിൽ നിന്ന് 12 കുട്ടികളെയും കോച്ചിനെയും സാഹസികമായി രക്ഷപ്പെടുത്തി കഥ വെള്ളിത്തിരയിലെത്തുകയാണ്. സാഹസികതയും നാടകീയതയും നിറഞ്ഞ, ലോകം കൈകോർത്ത ഈ യജ്ഞം സിനിമയാക്കുന്നത് ഹോളിവുഡാണ്.
ഹോളിവുഡ് സിനിമ നിർമ്മാണ കമ്പനിയായ പ്യുവർ ഫ്ലിക്സിന്റെ ഉടമ മൈക്കൽ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കൽ സ്‌കോട്ടും സംഘവും ദിവസങ്ങൾക്ക് മുൻപേ തായ്‌ലൻഡിലെ ഗുഹയിലെത്തിയിരുന്നു. തായ്‌ലൻഡിൽ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.
വെള്ളവും ചളിയും നിറഞ്ഞ ഗുഹയിൽ വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളിൽ കഴിഞ്ഞവരേയും ജീവൻ പണയം വെച്ച് അവരെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരും എല്ലാം ബിഗ് സ്‌ക്രീനിലൂടെ ലോകത്തിന് മുമ്പിലെത്തും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങൾ സ്‌കോട്ടും സംഘവും ക്യാമറയിൽ പകർത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങൾ ചിത്രീകരിച്ചത്. ഗുഹക്കുള്ളിലെ രംഗങ്ങൾ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വച്ചാകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നും മൈക്കൽ സ്‌കോട്ട് വ്യക്തമാക്കി.
തായ്ലാൻഡിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായവരെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ലോക നേതാക്കളാണ് മഹാ ദൗത്യത്തിൽ ഏർപ്പെട്ടവരെ അഭിനന്ദിച്ച് രംഗത്തുവന്നത്.ണ്ടാഴ്ചയിലധികമായി തായ്‌ലാന്റ് അണ്ടർ 16 ഫുട്‌ബോൾ ടീം അംഗങ്ങളും പരിശീലകനും ചിയാംഗ് റായിയിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. അതിസാഹസികവും അതേസമയം സൂക്ഷ്മവുമായ രക്ഷാപ്രവർത്തനമാണ് ദൗത്യ സംഘം മൂന്ന് ദിവസം കൊണ്ട് വിജയകരമായി അവസാനിപ്പിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘത്തിലെ ഒരാൾ മരണപ്പെട്ടിരുന്നു.
തായ് നേവി ഡൈവർമാർ, യു.എസ്. സൈനികസംഘം, ബ്രിട്ടനിൽനിന്നുള്ള ഗുഹാവിദഗ്ദ്ധർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 90 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.