ടൊളീവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കോടി രാമകൃഷ്ണ(69) നിര്യാതനായി. പ്രധാനമായും തെലുങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്, അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009ല്‍ സംവിധാനം ചെയ്ത അരുന്ധതി (2009) സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായിരുന്നു ഈ ട്രെന്‍ഡ് പിന്നീട് സ്ത്രീകള്‍ക്ക് മുഖ്യ കഥാപാത്രമായി എത്തുന്നത് ഒരു പതിവാകുന്ന രീതിയിലേക്ക് വരെ എത്തി നില്‍ക്കുകയാണ്.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തെലുങ്കില്‍ അമ്മേരു, ദേവുള്ളു, ഭാരത് ബന്ദ്, പെള്ളി സന്തതി, ദേവി, അഞ്ചി, തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനാണ്. കണ്ണഞ്ചപ്പിക്കുന്ന ഗ്രാഫിക് വിഷ്വലുകളോടെ ഭക്തിപ്രധാനമായ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.
ഭാനുചന്ദര്‍, സുമന്‍, പൂര്‍ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി(1982) ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രമെങ്കിലും ഇത് പുറത്തിറങ്ങിയില്ല. മാധവിയെയും ചിരഞ്ജീവിയെയും നായികാനായകന്മാരാക്കി പിന്നീട് സംവിധാനം ചെയ്ത 'രാമയ്യ വീദിലോ കൃഷ്ണയ്യ' എന്ന ചിത്രം 550 ദിവസം ഓടി സൂപ്പര്‍ഹിറ്റായി. ഇടയ്ക്ക് ഹൃദയാഘാതവും പക്ഷാഘാതവും മൂലം മാറിനില്‍ക്കേണ്ടി വന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. ഭക്തിചിത്രമായ അവതാര(2014)മാണ് തെലുങ്കിലെ അവസാനചിത്രം. 2016ല്‍ കന്നടയിലിറങ്ങിയ 'നാഗരാഹാവ്' എന്ന ചിത്രമാണ് അവസാനത്തേത്. തെലുങ്കു സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് സംസ്ഥാന രഘുപതി വെങ്കയ്യ അവാര്‍ഡ് നേടിയിട്ടുണ്ട്.