നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തമന്നയുടെ പിറന്നാളിന് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകള്‍' എന്ന് കുറിച്ചു കൊണ്ടാണ് അരുണ്‍ ഗോപി ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.ദലിപും നടിക്ക് പിറന്നാള്‍ ആശംസിച്ചു. സെറ്റില്‍ കേക്ക് മുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷമാക്കിയത്.
'രാമലീല'യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളില്‍ ഒന്നാണ്. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി.എസ്, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്.
കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. അതേസമയം, 'കേശു: ഈ വീടിന്റെ നാഥന്‍' എന്ന ചിത്രമാണ് ദിലീപിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.