Latest News

സോനാക്ഷി സിന്‍ഹയും ജ്യോതികയും നേര്‍ക്കുനേര്‍ എത്തുന്ന ത്രില്ലിംഗ് കോര്‍ട്ട്റൂം ചിത്രം 'സിസ്റ്റം' ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു

Malayalilife
 സോനാക്ഷി സിന്‍ഹയും ജ്യോതികയും നേര്‍ക്കുനേര്‍ എത്തുന്ന ത്രില്ലിംഗ് കോര്‍ട്ട്റൂം ചിത്രം 'സിസ്റ്റം' ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു

മുംബൈ: 'ബറേലി കി ബര്‍ഫി', ദേശീയ ശ്രദ്ധ നേടിയ 'നില്‍ ബത്തേയ് സന്നാത' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം 'സിസ്റ്റം'യുടെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത 'നില്‍ ബത്തേയ് സന്നാത' മലയാളത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ 'ഉദാഹരണം സുജാത' എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.

 മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ 'സിസ്റ്റം' സ്ട്രീമിംഗ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘില്‍ഡിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് 'സിസ്റ്റം' ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സര്‍വസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ട്രെയിലര്‍ ആരംഭിക്കുന്നത് സോനാക്ഷി സിന്‍ഹ അവതരിപ്പിക്കുന്ന നെഹ എന്ന യുവ അഭിഭാഷകയിലൂടെയാണ്. തന്റെ അച്ഛന്റെ (ആശുതോഷ് ഗോവാരികര്‍) ലോ ഫേര്‍മില്‍ പങ്കാളിയാകാന്‍ തക്കവണ്ണം കഴിവ് തെളിയിക്കേണ്ട വെല്ലുവിളി അവള്‍ ഏറ്റെടുക്കുന്നു. അതിനായി ജ്യോതിക അവതരിപ്പിക്കുന്ന സരിക എന്ന സ്മാര്‍ട്ട് കോര്‍ട്ട്റൂം സ്റ്റെനോഗ്രാഫറുടെ സഹായം തേടുന്നു. എന്നാല്‍ സരികയ്ക്കും സ്വന്തം രഹസ്യ ലക്ഷ്യങ്ങളുണ്ട്. തുടര്‍ന്ന് അതിവേഗ കോര്‍ട്ട്റൂം പോരാട്ടങ്ങളും സങ്കീര്‍ണ്ണ ബന്ധങ്ങളും ശക്തമായ നിമിഷങ്ങളും ട്രെയിലറില്‍ നിറയുന്നു. ''അമീരി കേ ഷോര്‍ മേന്‍ ഗരീബ് കി ആവാസ് ഖോ ജാതി ഹൈ'' എന്ന ശക്തമായ ഡയലോഗ് ചിത്രത്തിന്റെ മുഖ്യ സംഘര്‍ഷം വ്യക്തമാക്കുന്നു. അധികാരം സത്യത്തെ മറികടക്കുന്ന ലോകത്തില്‍ നീതി ഇപ്പോഴും നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ ഉയര്‍ത്തുന്നത്.

''ഒരു സിനിമ സംവിധായികയായെന്ന നിലയില്‍ ഞാന്‍ പറയുന്ന ഓരോ കഥയും ധൈര്യത്തോടെ തിരഞ്ഞെടുക്കുന്നവയാണ്. സൃഷ്ടിപരമായി എന്നെ പ്രചോദിപ്പിക്കുന്നതും അതിരുകള്‍ തകര്‍ക്കുന്നതുമായ കഥകളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. 'സിസ്റ്റം' എന്നെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ സിനിമ നിര്‍മിക്കാന്‍ പ്രചോദിപ്പിച്ച ചിത്രമാണ്,'' എന്ന് സംവിധായികയും സഹരചയിതാവുമായ അശ്വിനി അയ്യര്‍ തിവാരി പറഞ്ഞു. പ്രൈം വീഡിയോയും ബവേജ സ്റ്റുഡിയോസും തന്റെ ദര്‍ശനത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ ഏറെ നന്ദിയുണ്ടെന്നും, സോനാക്ഷി സിന്‍ഹയും ജ്യോതികയും പോലുള്ള ശക്തമായ അഭിനേത്രിമാര്‍ ചിത്രത്തിന്റെ മുഖ്യഭാഗമായതിനാല്‍ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

''ഒരു അഭിനേത്രിയായെന്ന നിലയില്‍ എന്നെ വെല്ലുവിളിക്കുന്ന കഥകളിലേക്കാണ് എനിക്ക് എന്നും ആകര്‍ഷണം. 'ദഹാദ്' മുതല്‍ ഇപ്പോള്‍ 'സിസ്റ്റം' വരെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പ്രൈം വീഡിയോ അവസരം നല്‍കി. ഇത് ഒരു ലീഗല്‍ ഡ്രാമ മാത്രമല്ല, നീതി പോലും സാമൂഹിക ഘടനകളെപ്പോലെ വിഭജിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്.'' എന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു.

''സരിക പോലൊരുഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആവേശകരവും വെല്ലുവിളിയുമായിരുന്നു. പ്രത്യേകാവകാശവും അസമത്വവും ഒരുമിച്ച് നിലനില്‍ക്കുന്ന ആധുനിക ഇന്ത്യയുടെ വൈരുധ്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്,'' എന്ന് ജ്യോതിക വ്യക്തമാക്കി. കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ച അശ്വിനി അയ്യര്‍ തിവാരിയുടെ കാഴ്ചപ്പാടിനെയും അവര്‍ പ്രശംസിച്ചു.പ്രേക്ഷകരെ ആകാംക്ഷയുടെ മുകളിലെത്തിച്ച 'സിസ്റ്റം' മെയ് 22 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും

Read more topics: # സിസ്റ്റം
System Official Trailer Sonakshi Sinha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES