തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അതിഥി വേഷത്തില്‍ എത്തി നടന്‍ സൂര്യയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ കഥാപാത്രം താന്‍ നോ പറയാനിരുന്നതാണെന്നാണ് സൂര്യ വെളിപ്പെടുത്തിയത്.
കമല്‍ ഹാസന് വേണ്ടിമാത്രമാണ് താന്‍ റോളക്സിനെ അവതരിപ്പിക്കാന്‍ തയ്യാറായതെന്ന് സൂര്യ വെളിപ്പെടുത്തി. താനിന്ന് എന്തുതന്നെയായാലും, ജീവിതത്തില്‍ എന്തു ചെയ്താലും, കമല്‍ സാര്‍ എപ്പോഴും തന്റെ പ്രചോദനം തന്നെയായിരിക്കുമെന്ന് സൂര്യ പറഞ്ഞു. അദ്ദേഹം വിളിച്ച് കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വേണ്ടെന്നുവയ്ക്കാന്‍ തനിക്കാകുമായിരുന്നില്ല.
അവസാന നിമിഷമെടുത്തൊരു തീരുമാനമായിരുന്നു അത്. ആ കഥാപാത്രം ചെയ്യാനാകില്ലെന്ന് ലോകേഷിനോട് വിളിച്ചുപറയാന്‍ ഒരുങ്ങുകയായിരുന്നു താന്‍. എന്നാല്‍ അദ്ദേഹത്തിന് വേണ്ടിമാത്രമാണ് ആ കഥാപാത്രം ചെയ്തതെന്നും സൂര്യ പറഞ്ഞു.
റോളക്സിന്റെ വേഷത്തില്‍ തിരിച്ചെത്തുമോയെന്നതിന് കാലം ഉത്തരം നല്‍കുമെന്നും കഥാപാത്രം തന്നെ തേടിയെത്തിയാല്‍ സ്വീകരിക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ഫിലിംഫെയര്‍ അവാര്‍ഡ്സ് 2022 സൗത്തില്‍ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം സൂര്യ നേടിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ആരാധകര്‍ റോളക്സ് എന്ന് ഉച്ചത്തില്‍ വിളിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പരിപാടിയുടെ അവതാരകന്‍ റോളക്സിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം മനസുതുറന്നത്.
ലാകേഷ് കനകരാജിന്റെ തന്നെ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണം എത്തിയ വിക്രം ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ്. ലോകമെമ്പാടുനിന്നും 440 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. വിക്രമില്‍ അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. സിനിമയുടെ ഏറ്റവും ഒടുവിലത്തെ ഭാഗത്തില്‍ എത്തിയ വില്ലന്‍ കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു