മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 61ാം ജന്മദിനമായിരുന്നു ഇന്നലെ. സിനിമ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്ത് വിട്ട് കൊണ്ടാണ് ജന്മദിനം ആഘോഷമാക്കിയത്. താരം ഈ ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം ആണ്. പ്രശസ്ത തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ് മധ്യതിരുവിതാംകൂറില്‍ നടക്കുന്ന കഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ മമ്മൂക്ക ബിജുമേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് സുരേഷ്ഗോപിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം. പാവപ്പെട്ട കുട്ടികളെ സഹായിച്ചാണ് ഇത്തവണ സുരേഷ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കായി സുരേഷ് ഗോപിയുടെ വക 50 ഇഞ്ചിന്റെ 15 ടിവികള്‍ നല്‍കി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആദ്യ ടിവി കൈമാറി. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിനോദ് അധ്യക്ഷനായി. കമ്മ്യൂണിറ്റി സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് 15 ടിവികള്‍ നല്‍കുന്നത്. ഇന്നും നാളെയുമായി മുഴുവന്‍ ടിവികളും എത്തിക്കും. ഒപ്പം കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് 61ാം ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കയാണ്. ഭാര്യ രാധികയ്ക്കും നാലു മക്കള്‍ക്കുമൊപ്പമാണ് താരം കേക്ക് മുറിച്ച് ആഘോഷിച്ചത്.
സുരേഷ് ഗോപി തന്റെ സിനിമ അഭിനയത്തിന് തുടക്കം കുറിക്കുന്നത് 1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. രാജ്യസഭാ എംപി കൂടിയാണ് ഇപ്പോള്‍ നടന്‍.