പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ലഭിച്ച 40 കോടി രൂപയുടെ വാഗ്ദാനം നിരസിച്ചതായി ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. തന്റെ മക്കള്‍ക്ക് മാതൃകയാകാന്‍ വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനൊപ്പം തന്റെ വിശ്വാസങ്ങളും മൂല്യങ്ങളും കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും സുനില്‍ ഷെട്ടി വിശദീകരിക്കുന്നു.
'ഞാന്‍ പണത്തില്‍ വീഴുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് പണം ആവശ്യമായിരുന്നു. പക്ഷേ ഞാനത് ചെയ്യില്ല,' അദ്ദേഹം വ്യക്തമാക്കി. പുകയില ഉല്‍പ്പന്നങ്ങളെ താന്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും, തന്റെ ഈ നിലപാട് കാരണം അത്തരം ഓഫറുകളുമായി ആരും സമീപിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ സുനില്‍ ഷെട്ടി, തന്റെ അഭിനയ മികവിനൊപ്പം ഉറച്ച ആദര്‍ശബോധത്തിലൂടെയും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ്.
വ്യക്തിജീവിതത്തിലെ ഇത്തരം മൂല്യങ്ങള്‍ തന്റെ കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. 2014-ല്‍ പിതാവ് വീരപ്പ ഷെട്ടിക്ക് സ്‌ട്രോക്ക് വന്നപ്പോള്‍, സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് അദ്ദേഹത്തെ പരിചരിച്ചതും സുനില്‍ ഷെട്ടിയുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പിതാവിന്റെ മരണശേഷം മലയാളത്തില്‍ 'മരക്കാര്‍', തമിഴില്‍ 'ദര്‍ബാര്‍' ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്.