പുമുഖപ്പടിയില്‍ നിന്നെയും കാത്ത്, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, വന്ദനം, കടത്തനാടന്‍ അമ്പാടി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവന്‍ തിളങ്ങിയ നടിയാണ് സുലക്ഷ്ണ. 1968ല്‍ തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയ സുലക്ഷ്ണയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുകാലത്ത് നായികയായും പിന്നെ അമ്മ വേഷങ്ങളിലും തിളങ്ങിയ സുലക്ഷ്ണയുടെ സ്വകാര്യ ജീവിതം തുടങ്ങിയതും അവസാനിച്ചതും എല്ലാം വളരെ പെട്ടെന്നായിരുന്നു. കരിയറില്‍ തിളങ്ങിനില്‍ക്കവേ പ്രണയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചെങ്കിലും അധികം വൈകാതെ തന്നെ ആ ജീവിതം അവസാനിപ്പിക്കേണ്ടി വരിയായിരുന്നു. പിന്നെ ജന്മം നല്‍കിയ മൂന്നു മക്കള്‍ മാത്രമായിരുന്നു കൂട്ട്.
ആന്ധ്രാപ്രദേശിലാണ് സുലക്ഷ്ണ ജനിച്ചതും വളര്‍ന്നതും എല്ലാം. നാലാം വയസിലായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് ബാലതാരമായി തിളങ്ങുകയും പതുക്കെ നായികാ വേഷങ്ങളിലേക്ക് കടക്കുകയും ആയിരുന്നു. 18ാം വയസിലാണ് സുലക്ഷണ വിവാഹിതയാകുന്നത്. സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്റെ മകന്‍ ഗോപികൃഷ്ണനെയാണ് സുലക്ഷണ പ്രണയിച്ചു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ അതേ വര്‍ഷമാണ് നായികയായി സിനിമയില്‍ രംഗപ്രവേശം ചെയ്തതും. പിന്നീടങ്ങോട്ടുള്ള അഞ്ചു വര്‍ഷങ്ങള്‍. ഇതിനിടെ മലയാളവും തമിഴും അടക്കം അന്‍പതിലധികം ചിത്രങ്ങളിലാണ് സുലക്ഷ്ണ അഭിനയിച്ചത്. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ അതിനിടെ അവര്‍ മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കി. പിന്നാലെ ദാമ്പത്യം വേര്‍പിരിയുകയും ചെയ്തു.
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ തുവാനത്തുമ്പികളിലെ മാലിനിയായി അഭിനയിക്കുമ്പോള്‍ സ്വകാര്യ ജീവിതം അതിന്റെ തകര്‍ച്ചയുടെ പടുകുഴിയില്‍ കിടക്കുകയായിരുന്നു. വിവാഹജീവിതത്തില്‍ സന്തോഷത്തോടെ ഇരിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയപ്പോഴായിരുന്നു സുലക്ഷ്ണ വിവാഹമോചനത്തിന് തയ്യാറായത്. എപ്പോഴും കുട്ടികള്‍ക്കു മുമ്പില്‍ വഴക്കിടുന്നതിന് പകരം സുഹൃത്തുക്കളായി പിരിയാം എന്നായിരുന്നു തീരുമാനം. വേര്‍പിരിയാനുള്ള നിയമ നടപടികള്‍ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ വേദന ഉണ്ടായില്ലെങ്കിലും കോടതിയില്‍ നിന്നും വിധി പ്രഖ്യാപനം വന്നപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു സുലക്ഷ്ണ. അതിനു ശേഷം മൂന്നു മക്കളേയും സ്വന്തം സംരക്ഷണയിലായിരുന്നു നടി വളര്‍ത്തിയത്. മുന്‍ഭര്‍ത്താവില്‍ നിന്നും ജീവനാംശം പോലും വാങ്ങാതെയായിരുന്നു വേര്‍പിരിയല്‍.
ജീവനാംശം ചോദിക്കണം എന്നായിരുന്നു വക്കീലടക്കം പറഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് രണ്ട് കാലും കൈയും ഊര്‍ജവും ഉണ്ട്. മുന്നോട്ട് ജീവിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്നായിരുന്നു സുലക്ഷ്ണ ചോദിച്ചത്. ആ വാക്കു പോലെ തന്നെ സുലക്ഷ്ണ തളര്‍ന്നില്ല. മൂന്നു മക്കളേയും തനിക്കൊപ്പം ചേര്‍ത്തുനിര്‍ത്തി പഠിപ്പിച്ചു. വളര്‍ത്തി. അതിനിടെയാണ് മൂന്നാം പക്കം, വന്ദനം, സ്വാഗതം, ചെറിയ ലോകവും വലിയ മനുഷ്യരും, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, കടത്തനാടന്‍ അമ്പാടി, ഒളിയമ്പുകള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, നയം വ്യക്തമാക്കുകയാണ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെല്ലാം താരരാജാക്കന്മാര്‍ക്കൊപ്പം അഭിനയിച്ചത്. തമിഴിലും അങ്ങനെ തന്നെ.
1994ഓടെയാണ് നടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തുടര്‍ന്ന് മക്കളുടെ ഭാവിയ്ക്ക് വേണ്ടി തന്നെ പൂര്‍ണമായും തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. ഏഴു വര്‍ഷത്തോളമാണ് സിനിമയില്‍ നിന്നും മാറിനിന്നത്. തുടര്‍ന്ന് മക്കളുടെ സമ്മതം ചോദിച്ച ശേഷമാണ് വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്.