സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വീണ്ടും വിവാദത്തിലേക്ക്. കടുത്ത നിലപാടുകളുമായി സംസ്‌കാരിക വകുപ്പ് മന്ത്രി രംഗത്തെത്തി. അവാര്‍ഡിനായി ഇക്കുറി എത്തിയ 105 സിനിമകളില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍മാന്‍ ബീനാപോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണും പിന്‍വലിക്കണമെന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു.
.അക്കാദമി ഭാരവാഹികളുടെ സിനിമകള്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നതില്‍ ധാര്‍മികമായ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എ കെ ബാലന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതോടെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മത്രമല്ല സിനിമ പരിഗണിക്കാതിരിക്കുകയാണെങ്കില്‍ അതില്‍ പ്രവര്‍ത്തിച്ച ടെക്നീഷ്യന്മാര്‍ക്കും നടീനടന്മാര്‍ക്കും അംഗീകാരം ലഭിക്കുന്നതിനുള്ള ഇതു വഴി നഷ്ടമാകുന്നത്.
ചിത്രങ്ങള്‍ അവാര്‍ഡിനായി മത്സരിക്കണമെങ്കില്‍ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി തന്നെ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത നിലപാടില്‍ നിന്ന് പിന്മാറാന്‍ എ കെ ബാലന്‍ തയ്യാറുമല്ല. എന്നാല്‍ നിര്‍മ്മാതാക്കളാണ് സിനിമകള്‍ അവാര്‍ഡിനയക്കുന്നത്. രണ്ട് ചിത്രങ്ങളും അവാര്‍ഡിനുള്ള മത്സരത്തില്‍ നിന്ന് പിന്‍വലിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്നാണ് സൂചന.
ഇതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് നിര്‍മ്മാതാക്കളുടെ നീക്കമെങ്കില്‍ സംസ്ഥാന അവാര്‍ഡുകള്‍ കോടതി കയറിയേക്കുമെന്ന സൂചനയാണ് കിട്ടുന്നത്. നിര്‍മ്മാതെക്കാളെ കൂടാതെ നടീനടന്മാരും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആകും എന്ന് ഉറപ്പാണ്. അക്കാദമി ഭാരവാഹികള്‍ സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട്, വ്യക്തിപരമായ അംഗീകാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നാണ് അക്കാദമിയുടെ നിയമാവലിയില്‍ പറയുന്നത്.
എന്നാല്‍ അംഗങ്ങളുടെ സിനിമകള്‍ മറ്റു വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണിക്കുന്നതില്‍ ചട്ടപ്രകാരം പ്രശ്നമില്ല.പക്ഷേ, ഇതില്‍ ധാര്‍മികമായ പ്രശ്നമുണ്ടെന്നാണ് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ ചൂണ്ടിക്കാട്ടുന്നത്. 'ആമി'യും 'കാര്‍ബണു'മടക്കമുള്ള ചിത്രങ്ങള്‍ പുരസ്‌കാരം നേടുന്നത് പിന്നീട് വിവാദങ്ങള്‍ വിളിച്ചുവരുത്താമെന്ന് സാംസ്‌കാരികവകുപ്പ് കരുതുന്നു. അക്കാദമി ഭാരവാഹികളുടെ സ്വാധീനം ഇതിലുണ്ടെന്ന തരത്തിലുള്ള വിവാദങ്ങളുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാരിനും താത്പര്യമില്ല.
സിനിമകള്‍ തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് ചലച്ചിത്ര അക്കാദമി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തിരക്കിട്ട് അവാര്‍ഡ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പക്ഷെ ജൂറി അംഗങ്ങളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് പുതിയ വിവാദം.