തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ കഴിഞ്ഞദിവസമാണ് നടി ശ്രുതി ഹരിഹരന്‍ മീടൂ ആരോപണം ഉന്നയിച്ചത്. 2016ല്‍ വിസ്മയ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറി എന്നും മുന്‍കൂട്ടി പറയുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെ ആലംഗനം ചെയ്തുവെന്നുമാണ് ശ്രുതി ഹരിഹരന്‍ ട്വിറ്ററിലൂടെ ആരോപിച്ചത്.എന്നാല്‍ യുവനടിയുടെ ആരോപണം അര്‍ജുന്‍ നിഷേധിച്ചിരിക്കുകയാണ് ചെയ്യതിരിക്കുന്നത്. താന്‍ ദശാബ്ദങ്ങളായി സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും 60-70ഓളം നടിമാര്‍ക്കൊപ്പം ഇക്കണ്ട വര്‍ഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവരാരും തന്നെക്കുറിച്ച് ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കി. മാത്രമല്ല, ഈ നടിമാരെല്ലാമായി തനിക്ക് ഇപ്പോളും അടുത്ത സൗഹൃദമുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അന്‍പതോളം വരുന്ന ക്രൂ മെമ്പേഴ്‌സിന് മുന്നില്‍ വച്ചാണ് അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് ശ്രുതി ഫേസ്ബുക്കില്‍ കുറിച്ചു.
നടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രണയരംഗം ചിത്രീകരിക്കണമായിരുന്നു.
ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി.
സിനിമയില്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനോട് പൂര്‍ണ യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.
ചിത്രത്തിന്റെ സംവിധായകന് എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലുകള്‍ക്ക് താല്‍പര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിനെ ഞാന്‍ അറിയിച്ചു. എന്റെ മെയ്ക്കപ്പ് ടീമിനോടും ഈ സംഭവം ഞാന്‍ പങ്കു വച്ചു.ചുരുങ്ങിയത് അന്‍പതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിനു മുന്‍പിലാണ് ഇതു സംഭവിച്ചത്. എന്റെ ജോലിസ്ഥലത്താണ് ഇതു സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട് സഹിഷ്ണുത വച്ചുപുലര്‍ത്തുന്നതിനെക്കാളും ഒഴിഞ്ഞുമാറാന്‍ ഞാന്‍ ആഗ്രഹിച്ചു. കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ ചെയ്യേണ്ട ജോലി പൂര്‍ത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകള്‍ എന്റെ തൊഴില്‍ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിന് ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങള്‍ എന്നെ നടുക്കി.
സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചത് ഓര്‍ത്തുപോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കാതെ തുടരുന്നതില്‍ അമ്പരന്നിട്ടും, ഞാന്‍ സൗഹാര്‍ദപൂര്‍ണമായ അകലം പാലിച്ചു'- ശ്രുതി പറയുന്നു
തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. മമ്മാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തില്‍ നായികയായി ശ്രുതി വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രം സോളോയിലും നായികമാരില്‍ ഒരാള്‍ ശ്രുതിയായിരുന്നു.