എം ടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ രണ്ടാമൂഴം സിനിമയാകാത്തതില്‍ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴം സിനിമയാക്കാന്‍ ഇനി തനിക്ക് കഴിയില്ലെന്നും അതിനു യോഗമില്ലെന്നും അദ്ദേഹം കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാമൂഴം സിനിമയാക്കാന്‍ എം ടി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അതിനു സാധിക്കാത്തതില്‍ അദ്ദേഹം നിരാശനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു രണ്ടാമൂഴം. സിനിമയുടെ മുടക്ക് മുതല്‍ പ്രതിസന്ധിയായി. വളരെ കഴിവുള്ള സംവിധായകര്‍ നമുക്കിടയിലുണ്ടെന്നും രണ്ടാമൂഴം സിനിമയായി മാറുക എന്നത് എംടിയുടെ കാലശേഷം അദ്ദേഹത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാന്‍ ആഗ്രഹമുണ്ട് എന്നും അത്തരമൊരു ധാരണയിലാണ് കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
2014 ലായിരുന്നു രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എംടിഎം ശ്രീകുമാര്‍ മേനോന്‍ കരാര്‍ ഒപ്പുവെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ത്ഥ്യം ആകാത്തതിനെ തുടര്‍ന്ന് കരാര്‍ ലംഘനം ആരോപിച്ച് ശ്രീകുമാര്‍ മേനോനെതിരെ എംടി കോടതിയെ സമീപിച്ചിരുന്നു.