ഒടിയൻ ലുക്കിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംവിധായകൻ ശ്രീകുമാർ മേനോൻ. കൊച്ചിയിൽ നടന്ന എയർടെൽ ഒടിയൻ സിം പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീകുമാർ മേനോൻ മോഹൻലാൽ ചെയ്ത ഒടിയൻ മാണിക്യന്റെ വേഷത്തിൽ കരിമ്പടം പുതച്ചെത്തിയത്. കഴിഞ്ഞ ദിവസം എസ്കലേറ്ററിൽ നിന്നും വീണുണ്ടായ പരിക്ക് ഭേദമാവാത്തതിനാലാണ് ശ്രീകുമാർ മേനോൻ ഒടിയൻ മാണിക്യന്റെ വേഷം അണിഞ്ഞെത്തിയത്.
വീണ് താടിയെല്ല് പൊട്ടി മുഖംചുറ്റി പ്ലാസ്റ്ററിട്ടിരിക്കുന്നതിനാലാണ് തലമൂടി ഒടിയൻ ലുക്കിൽ എത്തിയതെന്ന് ശ്രീകുമാർ മേനോൻ സദസ്സിനോടായി പറഞ്ഞു.ഏതാനും ദിവസം വിശ്രമമിക്കേണ്ടി വന്നതൊഴിച്ചാൽ പരിക്ക് സിനിമയുടെ വർക്കിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കവേ നവംബർ 17നാണ് മുംബൈ വിമാനത്താവളത്തിലെ എസ്കലേറ്ററിൽ നിന്ന് വീണ് ശ്രീകുമാർ മേനോന് പരിക്കേറ്റത്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതലുള്ള സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ജോലികളും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കാനിരിക്കെയായിരുന്നു അപകടം.