മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസമായിരുന്നു സൗബിനെ ചോദ്യം ചെയ്തത്. സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു
ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. സിനിമാ നിര്‍മ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് കോടി രൂപയാണ് സിറാജ് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്റേയും (സൗബിന്‍) പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു.
അതേസമയം, നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.