നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളെന്ന നിലയിലാണ് സിനിമയിലെത്തിയതെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് സൊനാക്ഷി സിന്‍ഹ. പലപ്പോഴും ശരീരഭാരത്തിന്റെ പേരില്‍ പല പരിഹാസങ്ങളും സൊനാക്ഷി ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്നെ കാണാന്‍ കൂടുതല്‍ പ്രായം തോന്നിക്കുന്നതായി പറഞ്ഞ് തനിക്കൊപ്പം അഭിനയിക്കാന്‍ ഒരു മുതിര്‍ന്ന നടന്‍ വിസമ്മതിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
മുതിര്‍ന്നൊരു നടന്‍ തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച കാര്യം ആണ് പങ്ക് വച്ചത്. നടനേക്കാള്‍ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആ നടന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതെന്നും സൊനാക്ഷി പറയുന്നു.
സൂമിന് നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാര്‍ക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. അതേസമയം സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികള്‍ക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേക്കുറിച്ചും പറഞ്ഞു.
മുതിര്‍ന്ന നടന്‍മാര്‍ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രംഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരില്‍ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവര്‍ പരിഹാസത്തിന് വിധേയരാവില്ല. എന്നാല്‍ തനിക്ക് പ്രായംതോന്നുന്നുവെന്ന് പല മുതിര്‍ന്ന നടന്മാരും പറഞ്ഞിട്ടുണ്ടെന്നും സൊനാക്ഷി പറയുന്നു. തന്നേക്കാള്‍ പ്രായമുള്ള നടന്മാര്‍ അവരേക്കാള്‍ പ്രായം തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ നന്ദി പറയുകയാണ്.
അത്തരക്കാര്‍ക്കൊപ്പം താനും അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് പുരുഷന്മാരുടേതുപോലെ സുഗമമായിരിക്കാന്‍ എപ്പോഴും പാടുപെടുന്നത് സ്ത്രീകളാണെന്നും സൊനാക്ഷി പറഞ്ഞു. ബോഡിഷെയിമിങ്ങിനും സൈബര്‍ ബുള്ളീയിങ്ങിനും നിരന്തരം ഇരയാകുന്നതിനേക്കുറിച്ച് അടുത്തിടെ സൊനാക്ഷി തുറന്നുപറഞ്ഞിരുന്നു.