സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്ന് തെലുങ്ക് നടന്‍ ശിവാജി വീണ്ടും വിവാദത്തില്‍. തന്റെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി താരം ആവര്‍ത്തിച്ചു. പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണ് ശിവാജി വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി സാരി പോലുള്ളവ ധരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും നടി നിധി അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശിവാജി വിശദീകരണം നല്‍കി. ഒരു മാളില്‍ വെച്ച് നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് തന്റെ പരാമര്‍ശങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ വസ്ത്രം ധരിച്ചെത്തിയ നിധി അഗര്‍വാളിനെ ആള്‍ക്കൂട്ടം വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും, അവര്‍ ലജ്ജിതയായി കാണപ്പെടുകയും ചെയ്തതായി ശിവാജി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ താന്‍ രണ്ട് മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വസ്ത്രധാരണത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ശിവാജി വ്യക്തമാക്കി.വനിതാ കമ്മീഷനില്‍ ക്ഷമാപണ കത്ത് സമര്‍പ്പിക്കുമെന്നും ആരെയും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും ശിവാജി പിന്നീട് അറിയിച്ചു.
തന്റെ പുതിയ ചിത്രം 'ദണ്ടോര'യുടെ പ്രീ-റിലീസ് പരിപാടിയില്‍ താന്‍ പറഞ്ഞത്, മോശം വസ്ത്രങ്ങള്‍ ഒഴിവാക്കി നല്ല വസ്ത്രങ്ങള്‍ ധരിക്കണം എന്നാണെന്നും, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ ഇത് ശ്രദ്ധിക്കണമെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. പുരുഷന്മാരുടെ പെരുമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. തന്റെ വാക്കുകള്‍ നിധി അഗര്‍വാളിനെയോ സാമന്ത റൂത്ത് പ്രഭുവിനെയോ ഈ സംഭവങ്ങളില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശിവാജി അവകാശപ്പെട്ടു. സാമന്തയുടെ കാര്യത്തില്‍, അവര്‍ ഭാഗ്യവശാല്‍ സാരിയിലായിരുന്നത് ഒരു സന്ദര്‍ഭാനുകൂല്യമായിരുന്നെന്നും, ജെന്‍ സി തലമുറയിലുള്ളവര്‍ക്ക് കലാകാരന്മാരെ സ്പര്‍ശിക്കണമെന്ന ചിന്തയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.