അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചും അതിന് പിന്നാലെയുണ്ടാകുന്ന വിവാദങ്ങളെക്കുറിച്ചും ഇന്നലെ ഭാര്യ ലക്ഷ്മി ആദ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിയെ വിമര്‍ശിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയായ സംംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്.
ലക്ഷ്മി പറയുന്നത് അവരുടെ ജീവിതമാണെന്നും ആ നെഞ്ചിലെ തീക്കനല്‍ കാണാന്‍ എല്ലാവര്‍ക്കും കാണാന്‍ സാധിച്ചേക്കില്ലെന്നും ഇഷാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇഷാന്‍ ദേവിന്റെ കുറിപ്പ് ഇങ്ങനെ:
'ലക്ഷ്മി ബാലഭാസ്‌കര്‍ പറയുന്നത് ബാലഭാസ്‌കര്‍ എന്ന ഭര്‍ത്താവിനെയും മകളെയും അവര്‍ നേരിട്ട, നേരിടുന്ന ജീവിതത്തെയും ആണ്. നിങ്ങള്‍ക്കു വേണ്ടത് ചിലപ്പോള്‍ ഇതില്‍ ഉണ്ടാവില്ല. അവര്‍ക്കു പറയാനുള്ളത് ബാലു എന്ന ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ്, അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ്. കല്ലെറിഞ്ഞു രസിക്കുന്നവര്‍ക്ക്, വാര്‍ത്തകളും വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവര്‍ക്ക് നെഞ്ചിലെ തീക്കനല്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ്. ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ.
കല്ലെന്നറിഞ്ഞവര്‍ എന്നെയും ചേര്‍ത്തുതന്നെ എറിയുന്നുണ്ട്. അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യയ്ക്ക് കൊടുക്കേണ്ട ബഹുമാനവും സ്‌നേഹവും പേടിച്ചു മാറ്റി വയ്ക്കാന്‍ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല. അത് ബാലു അണ്ണന്‍ അത്രത്തോളം സ്‌നേഹിച്ച ഭാര്യയോട് ഞങ്ങള്‍ക്കുള്ള കടപ്പാടും സ്‌നേഹവും ബഹുമാനവുമാണ്.
കേസ് പോലീസും സിബിഐയും ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷികുമ്പോഴും കുറെ ഹൃദയങ്ങള്‍ വെന്തുരുകുന്നത് കാണുന്നവര്‍ അതിലും പക്ഷപാതം കാണിച്ചു, ചെളിവാരി തേച്ചു രസിച്ചു. മെനഞ്ഞ കഥകള്‍കൊണ്ട് ഒരു സിനിമകഥപോലെ വില്ലനും നായകനും ഒക്കെ ആക്കി. ഇപ്പുറത്തുള്ളവര്‍ക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല, ആത്മഗതം പറഞ്ഞതാണ്.
ബാലഭാസ്‌കര്‍ പറഞ്ഞുതന്ന അറിവ് മാത്രമേ ഞങ്ങള്‍ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും ബന്ധങ്ങളെ കുറിച്ചുമുള്ളു. ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ട് അറിഞ്ഞത്, ജീവിച്ചറിഞ്ഞതും. Live and Let Live എന്ന സാമാന്യമായ നീതിയില്‍ എല്ലാവരോടും പെരുമാറാന്‍ പഠിപ്പിച്ച സൗഹ്ര്യദങ്ങളും കുടുംബവും മാത്രമേ ഞങ്ങള്‍ക്കുള്ളു. ബാലഭാസ്‌കര്‍ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്‌നേഹത്തിനും സൗഹൃദത്തിനും പൂര്‍ണ ബഹുമാനം ഹൃദയത്തില്‍ നിന്നുതന്നെ അര്‍പ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങക്ക് ജീവിതവും. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ', ഇഷാന്‍ കുറിച്ചു.
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഏകമകള്‍ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തിനു കീഴടങ്ങി. അപകടത്തില്‍ ലക്ഷമിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭര്‍ത്താവും ഏകമകളും തന്നെ തനിച്ചാക്കി പോയതിന്റെ വേദന തിന്നു ജീവിക്കുമ്പോഴും വിവാദങ്ങളും വേട്ടയാടിയിട്ടുണ്ട് ലക്ഷ്മിയെ. ഇതാദ്യമായാണ് വിഷയത്തില്‍ ലക്ഷ്മി പ്രതികരിക്കാന്‍ തയ്യാറാകുന്നത്.