തെന്നിന്ത്യൻ നടി സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. സംവിധായകൻ പാ.രജ്ഞിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ ജീവിതത്തെ സംബന്ധിച്ച് ഇത് വരെ ആരും പറയാത്ത കഥകളാണ് ചിത്രത്തിൽ ഉൾക്കൊള്ളിക്കുന്നത്.വെബ് സീരിസായി ഒരുക്കുന്ന ചിത്രം പക്ഷെ തിയെറ്ററിൽ റിലീസ് ചെയ്യില്ല. പകരം ഓൺലൈനായി പ്രദർശിപ്പിക്കാനാണ് പദ്ധതി
സിൽക്കിന്റെ സിനിമാജീവിതത്തിന്റെ നേർക്കാഴ്ചയായി എത്തിയ ബോളിവുഡ് ചിത്രം ഡേർട്ടി പിക്ചർ ബ്‌ളോക്‌ബസ്റ്റർ ഹിറ്റായിരുന്നു. കബാലി, കാല എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാ. രഞ്ജിത്ത് സിൽക്കിന്റെ കുട്ടിക്കാലവും സിനിമയിലേക്കുള്ള പ്രവേശനവുമായിരിക്കും പുറത്തുകൊണ്ടുവരുക.ഒരു നടി എന്നതിലുപരി സിൽക്കിലെ വ്യക്തിയെ പുറത്തുകൊണ്ടുവരുന്നതായിരിക്കും ഈ സീരീസെന്നും അറിയുന്നു.
സിൽക്കായി സ്‌ക്രീനിലെത്തുക ആരെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഡേർട്ടി പിക്ചറിൽ നായികയായത് വിദ്യാബാലനായിരുന്നു. ബോളിവുഡ് താരങ്ങളെയാണ് പാ. രഞ്ജിത്ത് തന്റെ ചിത്രത്തിനായി അന്വേഷിക്കുന്നതെന്നാണ് തമിഴകത്തു നിന്നു ലഭിക്കുന്ന വിവരം. രജനീകാന്ത് നായകനായ കാലയ്ക്കു ശേഷം ഒരു ബോളിവുഡ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പാ. രഞ്ജിത്ത്. ഇതിനിടയിലാണ് സിൽക്കിന്റെ ജീവിതവും എത്തുന്നത്. രഞ്ജിത്തിന്റെ നിർമ്മാണ കമ്പനിയായ പരിയേറും പെരുമാൾ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കതിരും ആനന്ദിയുമാണ് പ്രധാന താരങ്ങൾ.