കേരളം ജലപ്രളത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായ ഹസ്തവുമായി തമിഴ് സിനിമാ ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സഹായം നൽകുമെന്ന് തമിഴ് നടൻ സിദ്ധാർഥ് പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സിദ്ധാർഥ് ഇക്കര്യം അറിയിച്ചത്.'എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015 ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ ദേശീയ മാധ്യമങ്ങൾ ഞങ്ങളോട് കാണിച്ച താൽപര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓർമ വരുന്നത്. ചെന്നൈ കണ്ടതിനേക്കാൾ വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിക്കുന്നത്.'
ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങൾ വലിയ സഹായമാകും. അത് മറ്റുള്ളവർക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങൾ എല്ലാവരും ശബ്ദമുയർത്തണം. കേരളത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും സിദ്ധാർഥ് അറിയിച്ചു. സഹായം നൽകിയതിന് പുറമേ #keralaDonationChallenge എന്നൊരു ക്യാമ്പയിനും സിദ്ധാർത്ഥ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.