പളളിമണി സിനിമയുടെ പോസ്റ്റര്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെ സംഭവത്തില്‍ പ്രതികരിച്ച് അഭിനേത്രി ശ്വേത മേനോന്‍. തന്നോട് വൈരാഗ്യമുള്ളവര്‍ തന്റെ സിനിമയുടെ പോസ്റ്റര്‍ കീറി വൈരാഗ്യം പ്രകടിപ്പിക്കാതെ നേരിട്ട് എതിരിടാന്‍ ധൈര്യമുണ്ടാകണമെന്ന് നടി പറഞ്ഞു. ചിത്രത്തിന്റെ കീറിയ പോസ്റ്ററിന്റെ ചിത്രങ്ങളുള്‍പ്പെടെ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കൂടി ആയിരുന്നു ശ്വേത മേനോന്‍ പ്രതികരിച്ചത്.
അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞിരുന്നു. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്ററുകളാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്ററിലെ ശ്വേതയുടെ മുഖമാണ് കീറിമാറ്റിയിരിക്കുന്നത്. തന്നോടുള്ള എതിര്‍പ്പില്‍ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്ന് ശ്വേത കുറിച്ചു.
കുറിപ്പ് ഇങ്ങനെ....
എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്.
ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ നികൃഷ്ടമായ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.ഒന്നാമത്തെ ചിത്രം തിരുവനന്തപുരത്തെ തമ്പാനൂരിലെ കീറിപ്പറിഞ്ഞ പോസ്റ്ററും. രണ്ടാമത്തെ ചിത്രം യഥാര്‍ത്ഥ പോസ്റ്റര്‍ ഡിസൈനുമാണ് എന്നിങ്ങനെയാണ് ?നടി കുറിച്ചത്.
അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.