നടിയും നര്‍ത്തകിയുമായ ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ശോഭനയുടെ ആരാധര്‍ക്കെല്ലാം താല്‍പ്പര്യമാണ്. എന്നാല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ശോഭന സജീവമാണെങ്കിലും എപ്പോഴും മകളെ ആരാധകര്‍ക്കു മുന്നിലേക്ക് നടി എത്തിക്കാറില്ല. വളരെ അപൂര്‍വ്വമായി മാത്രമെ നാരായണിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളൂ, ഇപ്പോഴിതാ, അങ്ങനെയൊരു വിശേഷമാണ് മകളെ കുറിച്ച് ശോഭന പങ്കുവച്ചിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പം തോക്കില്‍ ഉന്നം പിടിക്കുന്ന ശോഭനയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുള്ളത്. കൂടെയുള്ളത് മകള്‍ നാരായണിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു. അതേസമയം, ശോഭന മുമ്പ് പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നുമെല്ലാം ഇതിനു വളരെയധികം വ്യത്യാസങ്ങളുണ്ട്.
അമ്മയെ പോലെ തന്നെ നൃത്തത്തിനോട് നാരായണിയ്ക്കും താല്‍പ്പര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളില്‍ നിന്നും ആരാധകര്‍ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോയും സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈയില്‍ ശോഭനയുടെ അമ്മയ്ക്കൊപ്പം നിന്നാണ് മകള്‍ അനന്ത നാരായണി വളരുന്നത്. ശോഭന പഠിച്ച അഡയാറിലെ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയിലാണ് മകളും പഠിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാര്‍ പിള്ളയുടെയും മലേഷ്യക്കാരിയായ ആനന്ദത്തിന്റെയും ഏകമകളാണ് ശോഭന. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശോഭന അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് വളര്‍ത്തി തുടങ്ങിയത്. അമ്മയെ പോലെ നാരായണി നല്ലൊരു നര്‍ത്തകിയായി വളര്‍ന്നു വരികയാണ്
മലയാളികള്‍ക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. ഗ്രേസ്, അര്‍പ്പണം എന്നീ വാക്കുകളുടെ പര്യായം. മലയാളി എന്നും നെഞ്ചോടു ചേര്‍ക്കുന്ന, ശോഭന അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങള്‍, അഭിനയമുഹൂര്‍ത്തങ്ങള്‍... നൃത്തത്തിനു വേണ്ടിയാണ് ശോഭന കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. നൃത്തത്തെ ജീവശ്വാസം പോലെ ചേര്‍ത്തുനിര്‍ത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യര്‍ക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന 'തുടരും' എന്ന ചിത്രം ഇന്ന് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡികള്‍ ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.