മറഡോണ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ നടിയാണ് ശരണ്യ ആര്‍.നായര്‍. ആശ എന്ന കഥാപാത്രത്തെ മറക്കാന്‍ ഇടമില്ല ആരും അത്രക്ക് മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു ആ കഥാപാത്രം. ഒറ്റ ചിത്രം കൊണ്ട് തന്നെ ഹോംനഴ്‌സായ ആശ മലയാളികളുടെ മനസില്‍ ഇടംപിടിച്ചു. ഇപ്പോഴിതാ ശരണ്യ മറ്റൊരു ചിത്രത്തില്‍ നായികയാവുകയാണ്. നവാഗതനായ ജാക്കി എസ്.കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്‌സ് എന്ന സിനിമയിലാണ് ശരണ്യ നായികയാകുന്നത്. തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മനുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്
പൂര്‍ണമായും കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഗ്രാമത്തിന്റേയും നഗരത്തിന്റേയും പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. നഗരത്തില്‍ ജീവിക്കുന്ന ശരണ്യയുടെ കഥാപാത്രമായ സുഷിതയും മനു അവതരിപ്പിക്കുന്ന ഹരിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ നാളെ പരവൂര്‍ അംബേകര്‍ പാര്‍ക്കില്‍ നടക്കും. എറണാകുളം, പൊള്ളാച്ചി, വാഗമണ്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തിയേറ്ററുകളില്‍ എത്തിക്കാനാണ് ആലോചിക്കുന്നത്.
ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ഇഷ്ടമായെന്നും ഈ സിനിമ സ്വീകരിക്കാതിരുന്നാല്‍ മണ്ടത്തരമായി പോകുമെന്നും തോന്നിയെന്ന് ശരണ്യ പ്രമുഖ മാധ്യമത്തിന്റെ ഓണ്‍ലൈനിനോട് പറഞ്ഞു. മറഡോണയിലെ ആശയെ പോലയല്ല ഈ കഥാപാത്രമെന്നും തനിക്ക് ലഭിക്കുന്ന വേറിട്ട വേഷമായിരിക്കും ഇതെന്നും ശരണ്യ പറഞ്ഞു.