ചലച്ചിത്ര പ്രവര്‍ത്തകയും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ ലേഖ അംബുജാക്ഷന്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലേഖയുടെ കാന്‍സര്‍ വിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരുന്നു.
ലേഖയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത് മുതലുള്ള ഓരോ അപ്‌ഡേറ്റുകളും ഭര്‍ത്താവ് അംബുജാക്ഷന്‍ നമ്പ്യാര്‍ സോഷ്യല്‍മീഡിയ വഴി അപ്പപ്പോള്‍ ഫോളോവേഴ്‌സിനെ അറിയിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ലേഖയുടെ അന്ത്യകര്‍മ്മങ്ങളുടേയും ദൃശ്യങ്ങള്‍ റീലായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഭര്‍ത്താവ് അംബുജാക്ഷന്‍ രംഗത്തെത്തി. ലേഖയുടെ ഓര്‍മകള്‍ക്ക് വേണ്ടിയാണ് ഈ വീഡിയോകളിടുന്നതെന്നും ഇഷ്ടമില്ലാത്തവര്‍ക്ക് തന്നെ അണ്‍ഫ്രണ്ട് ചെയ്ത് പോകാമെന്നും അംബുജാക്ഷന്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നൂറുകണക്കിന് സുഹൃത്തുക്കള്‍ വിളിക്കുന്നുണ്ട്.. അതുകൊണ്ടാണ് എന്റെ മുത്തിന്റെ സ്നേഹിതര്‍ക്കുവേണ്ടി ഞാന്‍ ഈ വീഡിയോ ഇടുന്നത്. ആര്‍ക്കെങ്കിലും ഇഷ്ടമില്ലെങ്കില്‍ മാറിനില്‍ക്കാം... ഞാന്‍ മാപ്പ് പറയുന്നു. ക്യാന്‍സറിന്റെ വേദനയില്‍ കഴിയുമ്പോള്‍ പോലും ലേഖയെ തെറിപറഞ്ഞ ഒരുപാട് പേരുണ്ട്. അവരോടൊന്നും എനിക്ക് ഒന്നും പറയാനില്ല... കാരണം, അവര്‍ക്കുള്ള മറുപടി എന്റെ മുത്ത് തന്നെ കൊടുത്തതാണ്. ഇന്ന് അവള്‍ ഇവിടെ ഇല്ല. പക്ഷേ അവളുടെ വാക്കുകളും, അവളുടെ സ്നേഹവും, അവളുടെ ധൈര്യവും എന്റെ കൂടെയുണ്ട്.
എന്റെ മുത്തിനെ സ്നേഹിച്ചവര്‍ക്കും, അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും, ഇന്നും അവളുടെ ഓര്‍മ്മകളെ നെഞ്ചിലേറ്റി നടക്കുന്ന ഓരോരുത്തര്‍ക്കും നന്ദി. ഇത് എന്റെ ഭാര്യയുടെ ഭാഷയാണ്.. അവളുടെ ഓര്‍മ്മകള്‍ക്കുവേണ്ടിയാണ് ഞാന്‍ ഇത് പങ്കുവയ്ക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ ദയവായി എന്നെ അണ്‍ഫ്രണ്ട് ചെയ്ത് പോയിക്കോളൂ. എനിക്ക് ആരോടും വിരോധമില്ല... എന്റെ മുത്തിന്റെ ഓര്‍മ്മകളെ സംരക്ഷിക്കുക മാത്രമാണ് ഇനി എന്റെ ജീവിതം. സോറി. ഇത് എന്റെ ലേഖയുടെ ഭാഷയാണ്. എന്റെ മുത്തിന്റെ ഭാഷ' എന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ മറ്റൊരു കുറിപ്പും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
'ലേഖയെ മനസ്സിലാക്കിയവര്‍ ഒരിക്കലും ഇത്തരം മെസേജുകള്‍ ഇടില്ല. അവള്‍ വേദനയില്‍ പുളഞ്ഞുനില്‍ക്കുമ്പോള്‍, ഞാന്‍ പോലും അറിയാതെ ഒരിക്കല്‍ ഒരു വീഡിയോ ഇട്ടിരുന്നു. അതിനകത്ത് എന്റെ മുത്തിനെ തകര്‍ത്ത ഒരുപാട് പേരുണ്ടായിരുന്നു. അതിനൊന്നും ഞാന്‍ മറുപടി പറഞ്ഞതല്ല... അവള്‍ തന്നെയാണ് മറുപടി കൊടുത്തിരുന്നത്. ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. തന്റെ ശത്രുക്കള്‍ക്കുപോലും ക്യാന്‍സര്‍ വരരുതേ എന്നായിരുന്നു ഞാനും മോളും പ്രാര്‍ത്ഥിച്ചിരുന്നത്. അതായിരുന്നു എന്റെ ലേഖ.
ഇന്ന് അവള്‍ ബാക്കിവെച്ച ആഗ്രഹങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകും. കാരണം, അവളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെ ഞാന്‍ പിന്മാറിയാല്‍, എന്റെ മുത്ത് എന്റെ ഹൃദയത്തില്‍ നിന്ന് എന്നോട് പിണങ്ങും. അത് എന്താണെന്ന് അംബുവിനെയും ലേഖയെയും അറിയുന്നവര്‍ക്ക് അറിയാം. അവര്‍ക്ക് ലേഖയെ മനസ്സിലാക്കാന്‍ മറ്റാരുടെയും വാക്കുകള്‍ ആവശ്യമില്ല. ഇന്ന് ഞാന്‍ ചിതാഭസ്മം വാരിക്കൊണ്ട് വന്നതാണ്.. ഞാനും എന്റെ മക്കളും. കൈകളില്‍ എന്റെ മുത്തിന്റെ ചിതാഭസ്മവും, നെഞ്ചില്‍ അവളുടെ ഓര്‍മ്മകളും, മനസ്സില്‍ അവള്‍ ബാക്കിവെച്ച ആഗ്രഹങ്ങളുമായി. ഓര്‍ക്കുക... മനുഷ്യജന്മം അങ്ങിനെയാണ്.
ഇന്ന് നമ്മള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. നാളെ നമ്മളും ഈ ലോകത്തോട് വിടപറയേണ്ടി വരും. അതിനാല്‍ ആരെയും വിധിക്കരുത്. ആരെയും തകര്‍ക്കരുത്. കാരണം ഓരോ മനുഷ്യന്റെയും ഉള്ളില്‍ നമ്മള്‍ കാണാത്ത ഒരു വേദനയുണ്ടാകും. എന്റെ ലേഖ... നീ പോയിട്ടില്ല. എന്റെ ഹൃദയത്തില്‍ നീയുണ്ട്. നിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ നിര്‍ത്തില്ല' എന്നുമാണ് അദ്ദേഹം പറയുന്നത്.