ഒരു അഭിമുഖത്തിനിടെ നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച് ഷെയിന്‍ നിഗം നടത്തിയൊരു പരാമര്‍ശം വലിയ വിവാദത്തിനാണ് കാരണമായത്. താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. പിന്നാലെ കഴിഞ്ഞ ദിവസം കഫിയ ധരിച്ചൊരു ചിത്രവും കുറിപ്പും ഷെയിന്‍ പങ്കിട്ടിരുന്നു. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന വരികളോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
ഇപ്പോഴിതാ ഫോട്ടോ പങ്കിട്ടതിനെ കുറിച്ചും ഉണ്ണി മുകുന്ദന്‍ വിവാദത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. താന്‍ ഇതിനെയൊക്കെ തമാശയായിട്ട് മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം മിനിട്ടുകള്‍ക്കുള്ളില്‍ ആരാധകരും വിമര്‍ശകരും ഒരുപോലെ ഏറ്റെടുത്തു. മാത്രമല്ല അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളുമൊക്കെ ഇറങ്ങുകയും ചെയ്തു. റാഫ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഷെയിന്റെ പോസ്റ്റ്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാദമായ ആ പോസ്റ്റിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നടന്‍.
ഞാന്‍ റാഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ കെട്ടി ഫോട്ടോ ഇട്ടു. ഉറപ്പായിട്ടും അവിടെ വരാന്‍ പോകുന്ന ഒരു കമന്റാണ് ഞാന്‍ ഇട്ടത്. കാരണം ഇന്‍സ്റ്റഗ്രാമില്‍ എന്റെ മെസേജിനകത്ത് മൊത്തം ഈ പേരിട്ടിട്ട് എന്നെ അറ്റാക്ക് ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും ആ പോസ്റ്റിലും അങ്ങനെ വരാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇട്ടത്. പിന്നെ വേറെ പ്രശ്‌നമില്ലല്ലോ.
ദേഷ്യമുണ്ടായിട്ടല്ല, ഞാന്‍ തമാശരീതിയിലാണ് ഇതിനെയൊക്കെ കാണുന്നുള്ളൂ. ഇവര്‍ ഇതിനെ സീരിയസായി വ്യാഖ്യാനിക്കുമ്പോഴേ പ്രശ്‌നമുള്ളൂ. നിങ്ങള്‍ ഇതല്ലേ പറയാന്‍ പോകുന്നത്, എന്നാല്‍പ്പിന്നെ ഞാന്‍ ഇത് തന്നെയാണ് എന്നുള്ള മൈന്‍ഡിലേ ഇട്ടിട്ടുള്ളൂ
എല്ലാവര്‍ക്കും ഉള്ളിന്റെയുള്ളില്‍ വിഷമമുണ്ടായിട്ടുണ്ടെന്നാണ് ഇത്രയധികം ആളുകള്‍ ഇതിനെ റീപോസ്റ്റ് ചെയ്യുമ്പോഴും, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും മനസിലാകുന്നത്. ജനിച്ചപ്പോള്‍ തൊട്ട് പറഞ്ഞുതന്ന കാര്യങ്ങളാണ് നമ്മുടെ തലയില്‍. ഒരു പോയിന്റ് കഴിയുമ്പോള്‍ ഇതെല്ലാം കുറച്ചൊക്കെ ഉപേക്ഷിക്കേണ്ടിവരും. എന്നാലെ സമാധാനായിട്ട് ഈ സമൂഹത്തില്‍ സ്നേഹത്തോടെ ജീവിക്കാന്‍ പറ്റുകയുള്ളൂ.'- ഷെയ്ന്‍ നിഗം പറഞ്ഞു.
ഉണ്ണി ചേട്ടനെ ഞാന്‍ വിളിച്ചിരുന്നു. കിട്ടിയില്ല. അദ്ദേഹം മെസേജ് അയച്ചിരുന്നു. പ്രശ്‌നമൊന്നും ഇല്ല എന്ന നിലയ്ക്കാണ് സംസാരിച്ചത്. എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ കുറെ തമാശകള്‍ പറയുമ്പോല്‍ പറഞ്ഞ കാര്യമാണ്. അത് ആ അഭിമുഖത്തിന്റെ വൈബില്‍ ഇരുന്ന് കണ്ടാല്‍ മാത്രമേ മനസിലാകൂ. അതൊരു തമാശ മാത്രമായിരുന്നു. എന്നാല്‍ ഈ ഭാഗം മാത്രം എടുത്ത് മറ്റൊരു രീതിയില്‍ പ്രചരിപ്പിച്ചു. അപ്പോള്‍ വിഷമം തോന്നി. കാരണം ആ രീതിക്കൊന്നും ഞാന്‍ ചിന്തിച്ചിട്ടേ ഇല്ല.
ഉണ്ണി ചേട്ടനെ ഒക്കെ സ്‌ക്രീനില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊക്കെ ബഹുമാനമില്ലാതെ ഞാന്‍ പെരുമാറില്ല. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഉണ്ണിച്ചേട്ടനോട് സംസാരിച്ചിട്ടുണ്ട്. ഉണ്ണി ചേട്ടന്റെ ഫാന്‍സിനെ ഇത് ബുദ്ധിമുട്ടിച്ചെങ്കില്‍ ഞാന്‍ അവരോടും ക്ഷമ ചോദിക്കുന്നു', താരം പറഞ്ഞു.
ലിറ്റില്‍ ഹാര്‍ട്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു ഉണ്ണി മുകുന്ദനെ ഷെയിന്‍ സംസാരിച്ചത്. മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അഭിമുഖത്തിനിടെ അവതാരക പറഞ്ഞു. എന്നാല്‍ തനിക്ക് മഹി-ഉംഫി കോമ്പോയാണ് ഇഷ്ടം എന്ന് ഷെയിന്‍ പറയുകയായിരുന്നു. ഉണ്ണി മുകന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് തമാശയോടെ ഷെയിന്‍ വിശദീകരിച്ചു. ഇതാണ് ചിലര്‍ വിവാദമാക്കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഷെയിന്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, ഷെയിനിന്റെ പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്‌സ് ഈ മാസം ഏഴിനാണ് റിലീസ് ചെയ്യുന്നത്.ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ ഷെയ്നിന്റെ നായിക മഹിമ നമ്പ്യാര്‍ ആണ് ഈ സിനിമയിലും നായികയായെത്തുന്നത്. ബാബുരാജ്, ഷൈന്‍ ടോം ചാക്കോ, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ഐമാ സെബാസ്റ്റ്യന്‍, രമ്യാ സുവി, മാലാ പാര്‍വതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ്, വില്‍സന്‍ തോമസ് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു