കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മലയാള സിനിമയിലെ ചിരിക്കുടുക്ക മണിയുടെ ജീവിതം അരങ്ങിലെത്തിക്കുക വെല്ലുവിളിയായിരുന്നെന്ന് സംവിധായകന്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും കോമഡികളിലൂടെയും മലയാളികള്‍ക്ക് മുന്നിലെത്തിച്ച സെന്തിലാണ് മണിച്ചേട്ടനായി സിനിമയിലെത്തുന്നത്. സിനിമ നാളെ റിലീസിനൊരുങ്ങവേ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. മണിച്ചേട്ടന്റെ കഥാപാത്രത്തെ ഞാന്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും മറ്റൊരു മണിച്ചേട്ടനാകാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും ഓരോ രംഗവും ഒര്‍മകളുടെ കൂട്ട്പിടിച്ചാണ് ഞാന്‍ ചെയ്യുന്നതെന്നും സെന്തില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ഈ വരുന്ന 28-ആം തിയതി എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമായി മാറുകയാണ്. ഞാന്‍ നായകനായി അഭിനയിച്ച 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രം ആ ദിവസം നിങ്ങളിലേക്ക് എത്തുകയാണ്.
വളരെ സന്തോഷത്തോടെയാണ് എഴുതുന്നതെങ്കിലും ഉള്ളിലെവിടെയോ കണ്ണീരിന്റെ നനവ് പടര്‍ന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. മലയാള മനസ്സുകളില്‍ നാടന്‍ പാട്ടുകളും നിറഞ്ഞ ചിരിയുമായി കയറിവന്ന് നമ്മളോരോരുത്തരുടെയും പ്രിയപ്പെട്ടവനായി, നമ്മളിലൊരുവനായി, അവസാനം മലയാള ജനതയുടെ ചങ്കില്‍ നോവിന്റെ കെടാകനലുകള്‍ കോരിയിട്ട് കടന്നു പോയ മണിചേട്ടനെയാണ് ഞാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവും അതിലുപരി പുണ്യവുമായി ഞാന്‍ ഈ അവസരത്തെ കാണുന്നു. മണിച്ചേട്ടനായി പകര്‍ന്നാടിയപ്പോഴെല്ലാം, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്റെ ഉള്ള് പൊള്ളിച്ചിരുന്നു. എനിക്കറിയാം എന്നേക്കൊണ്ട് മറ്റൊരു മണിച്ചേട്ടനാകാന്‍ ഒരിക്കലും സാധിക്കില്ലെന്ന്. പക്ഷെ, ഓരോ രംഗവും ഞാന്‍ ആ ഓര്‍മ്മകളെ കൂട്ടുപിടിച്ച്, ആത്മാവര്‍പ്പിച്ച് ചെയ്തവയാണ്.
മണിച്ചേട്ടന്റെ മനസ്സറിഞ്ഞ സംവിധായകന്‍ വിനയന്‍ സാറിന്റെ ചിത്രത്തില്‍ കൂടി തന്നെ മണിച്ചേട്ടനെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് മറ്റൊരു നിയോഗമായിരിക്കാം. ചിത്രം എല്ലാവരും തിയ്യേറ്ററില്‍ നിന്നും കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്, ഒപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും അനുഗ്രഹാശംസകളും പ്രതീക്ഷിച്ചുകൊള്ളുന്നു..
സ്വന്തം സെന്തില്‍ കൃഷ്ണ (രാജാമണി)