Latest News

സാറിന്റെ ശബ്ദം കേള്‍ക്കുമ്പോഴും മറുപടി പറയുമ്പോഴും തലച്ചോറില്‍ അസംഘ്യം ചിത്രങ്ങളാണ് മിന്നിമറഞ്ഞത്;ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്‌കാരം എനിക്ക് ഒറ്റയ്ക്ക് പിടിക്കാവുന്നതിലും അപ്പുറമാണ്; സത്യന്‍ അന്തിക്കാടിന്റെ ഫോണ്‍ കോള്‍ എത്തിയ സന്തോഷം പങ്ക് വച്ച ആനന്ദ് ഏകര്‍ഷി

Malayalilife
 സാറിന്റെ ശബ്ദം കേള്‍ക്കുമ്പോഴും മറുപടി പറയുമ്പോഴും തലച്ചോറില്‍ അസംഘ്യം ചിത്രങ്ങളാണ് മിന്നിമറഞ്ഞത്;ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്‌കാരം എനിക്ക് ഒറ്റയ്ക്ക് പിടിക്കാവുന്നതിലും അപ്പുറമാണ്; സത്യന്‍ അന്തിക്കാടിന്റെ ഫോണ്‍ കോള്‍ എത്തിയ സന്തോഷം പങ്ക് വച്ച ആനന്ദ് ഏകര്‍ഷി

രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകര്‍ഷി ചിത്രമാണ് ആട്ടം. ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രത്തില്‍ നായകനായി എത്തിയത് വിനയ് ഫോര്‍ട്ടായിരുന്നു. ഇപ്പോളിതാ ചിത്രം കണ്ട് സത്യന്‍ അന്തിക്കാട് വിളിച്ച സന്തോഷം പങ്ക് വക്കുകയാണ് ആനന്ദ്.വീട്ടിലിരുന്ന തനിക്ക് ലഭിച്ച അപ്രതീക്ഷിതമായ ഫോണ്‍കോള്‍ നല്‍കിയ ആകാംക്ഷയെ കുറിച്ചും അതിരില്ലാത്ത സന്തോഷത്തെ കുറിച്ചും ആനന്ദ് ഒരു കഥ പറയും പോലെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

താന്‍ ആരാധിച്ച, സിനിമ പഠനത്തിന് റഫറന്‍സുകളെടുത്ത സിനിമകളുടെ സംവിധായകന്‍ സിനിമയെ കുറിച്ച് സംസാരിച്ചത് ഭാഗ്യമാണെന്നും ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്‌കാരം ലഭിച്ചതു പോലെയാണ് തനിക്ക് തോന്നിയത് എന്നും ആനന്ദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിട്ടുണ്ട്.


ഒരുപക്ഷെ ആട്ടം ഇറങ്ങിയതിന് ശേഷം ഇത്രയും ഹൃദയം നിറഞ്ഞ് കവിഞ്ഞ ഒരു ദിവസം ഉണ്ടായിട്ടില്ല. അതിന് കാരണം ഇന്ന് എനിക്ക് വന്ന ഒരു call ആണ്.  ചുമ്മാ കട്ടിലില്‍ ചില വൈരുദ്ധ്യാത്മിക ദിവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് phone വരുന്നത്. പരിചയമില്ലാത്ത നമ്പര്‍ കാണുമ്പോള്‍, അത് എടുക്കുമ്പോള്‍, പരിചയമില്ലാത്ത ആളുകളെ കാണുമ്പോള്‍ -  ശബ്ദത്തിനു ഗാംഭീര്യം  കൂട്ടാന്‍ കുഞ്ഞിലേ മുതലേ ശീലിച്ചു തുടങ്ങിയതാണ്. ചുടല വരെ അത് ഇനി പോകും എന്ന് തോന്നുന്നില്ല. Phone അടിക്കുന്നു. ഉറക്ക ചടവ് ശബ്ദ ഗാംഭീര്യത്തിനു ആക്കം കൂട്ടും എന്നുള്ളത് ലോകത്തിനോട് ഞാന്‍ പ്രത്യേകം പറയണ്ടല്ലോ.

'ഹലോ',  സാക്ഷാല്‍ രഘുവരനെ മനസ്സില്‍ ഉരുവിട്ട് ഞാന്‍ പറഞ്ഞു.
'ആനന്ദ് അല്ലെ'
'അതേയ് ' രഘുവരന്‍ തുടര്‍ന്നു
ഞാന്‍ സത്യന്‍ ആണ്. സത്യന്‍ അന്തിക്കാട്'
അയ്യോ സാറേ!'
ശബ്ദം പതറി, പുതപ്പ് വലിച്ചെറിഞ്ഞു, ചാടി എണീറ്റു, ഫാന്‍ ഓഫ് ചെയ്തു, വാതില്‍ അടച്ച് കുറ്റി ഇട്ടു. രഘുവരനെ കാണമാനില്ല.
ജീവിതത്തിലെ അതി സുന്ദരമായ ആ നിമിഷം നേരിടാന്‍ ഞാന്‍ ഞാനായി. വെറും പൈതല്‍.
'പറയു sir' കണ്ണുകളില്‍ നനവ്. നെഞ്ചില്‍ ബാന്‍ഡ് മേളം.
ഞാന്‍ ആട്ടം കണ്ടു ആനന്ദ്! ഒരു കറ പോലും ഇല്ലാത്ത മനോഹരമായ സിനിമ',
Sir പറഞ്ഞു.
സിനിമയുടെ ടെക്നിക്കല്‍ മികവിനെയും, അഭിനേതാക്കളുടെ പ്രതിഭയെയും , തിരക്കഥയെയും , നാടക കൂട്ടായ്മയുടെ ശക്തിയെയും , അതിന് നേതൃത്വം നല്‍കിയ vinay forrt'നെയും, ഈ സിനിമ produce ചെയ്ത പ്രൊഡ്യൂസറിന്റെ ഇച്ചാശക്തിയെയും sir വാത്സല്യത്തോടെ അഭിനന്ദിച്ചു. സാറിന്റെ ശബ്ദം കേള്‍ക്കുമ്പോഴും മറുപടി പറയുമ്പോഴും തലച്ചോറില്‍ അസംഖ്യം ചിത്രങ്ങളാണ് മിന്നിമറഞ്ഞത് എന്ന് ഞാന്‍ പ്രത്യേകം പറയണ്ടല്ലോ. 

ഗാന്ധിനഗര്‍ 2nd സ്ട്രീറ്റും, നാടോടിക്കാറ്റും, സന്ദേശവും, പിന്‍ഗാമിയും, മഴവില്‍ കാവടിയും, വീണ്ടും ചില വീട്ടുകാര്യങ്ങളും ഒക്കെ ഒരു syllabus പോലെ തിരിച്ചും മറിച്ചും പഠിച്ച, കുടുകുടെ ചിരിച്ച, പലയാവര്‍ത്തി ചിന്തിച്ച  ആ എനിക്ക് ഫോണിന്  മറുപുറം അതിന്റെയൊക്കെ സൃഷ്ടാവ്  ഇന്നലെ കണ്ട് പിരിഞ്ഞ ഒരാളോടെന്ന പോലെ സരസമായി എന്നോട് സംസാരിക്കുമ്പോള്‍ ഗുരുകൃപയുടെ മഹാവലയം വീണ്ടും അതാ വിരിഞ്ഞു വരുന്നതായി തോന്നി. ലളിത സാഹിത്യത്തില്‍ പറഞ്ഞാല്‍ 'എന്തൊരു ഭാഗ്യം'.

ആട്ടം കാണാനും, സത്യന്‍ സാറിനെ സിനിമ കാണിക്കാനും, സിനിമ കണ്ട് ഒരുപാട് സ്‌നേഹത്തോടെ സത്യസന്ധമായ അഭിനന്ദനങ്ങള്‍ എന്നെ വിളിച്ചു അറിയിക്കാനും സാറിന്റെ മകനും 'പാച്ചുവും അത്ഭുത വിളക്കും' എന്ന രസികന്‍ സിനിമയുടെ സംവിധായകനുമായ അഖിലിന്റെ സുമനസ്സിനോടും എന്റെ നന്ദി തീര്‍ത്താല്‍ തീരാത്തതാണ്!

'ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ ആനന്ദിന് കഴിയും, ഒരു ദിവസം നേരില്‍ കാണാട്ടോ' എന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട് sir ഫോണ്‍ വെക്കുമ്പോള്‍ ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്‌കാരം എനിക്ക് ഒറ്റയ്ക്ക് പിടിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് നിങ്ങളെ കൂടി ഏല്പിക്കാം എന്ന് കരുതി  ഇവിടെ എത്രയും പെട്ടന്ന് കുറിച്ചത്.നാട്ടിലെ വേനല്‍ ഒക്കെ പൊയ്യ്! എന്റെ വീടിനു ചുറ്റും ആ ഒരു അഞ്ചു മിനിറ്റ് സുന്ദരമായ മഴ ആയിരുന്നു. ആനന്ദ് കുറിച്ചു.
 

sathyan anthikad call anand ekarshi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES