മലയാളികളുടെ പ്രിയ താരം ബേസിലിനെ പ്രശംസിച്ച് തമിഴ് നടി രാധിക ശരത്കുമാര്‍. ബേസിലിന്റെ സിനിമകളും അതിലെ തമാശകളും വളരെ ഇഷ്ടമാണെന്നാണ് രാധിക പറഞ്ഞത്. താനും ഭര്‍ത്താവും കടുത്ത ആരാധകരാണെന്ന് രാധിക ശരത്കുമാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബേസിലിന്റെ സിനിമകളിലെ ഹാസ്യത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും അവര്‍ വ്യക്തമാക്കി. ജിമ്മില്‍ വെച്ച് ബേസിലിനൊപ്പമെടുത്ത ചിത്രവും രാധിക പങ്കുവെച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയ 'പൊന്‍മാന്‍' വലിയ ശ്രദ്ധ നേടിയിരുന്നു.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് കഴിഞ്ഞ ദിവസമാണ് 'പൊന്‍മാനെ'യും ബേസിലിനെയും പ്രശംസിച്ച് രംഗത്തെത്തിയത്. താന്‍ സമീപകാലത്ത് കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് 'പൊന്‍മാന്‍' എന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. 'പൊന്‍മാനിലെ ബേസില്‍ ജോസഫിന്റെ അസാമാന്യ അഭിനയം എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിലൂടെയാണ് സിനിമ ജീവസ്സുറ്റതായി മുന്നോട്ടുപോകുന്നത്. സഹതാരങ്ങളും മികച്ച പിന്തുണ നല്‍കി,' കാര്‍ത്തിക് കുറിച്ചു. ദിന്‍ജിത്ത് സംവിധാനം ചെയ്ത 'എക്കോ' എന്ന ചിത്രത്തെക്കുറിച്ചും മലയാള സിനിമയുടെ നിലവിലെ വളര്‍ച്ചയെക്കുറിച്ചും കാര്‍ത്തിക് തന്റെ സമൂഹമാധ്യമ പോസ്റ്റില്‍ പരാമര്‍ശിച്ചു.
ദിനേശ് കാര്‍ത്തിക്കിന്റെ അഭിനന്ദനങ്ങള്‍ക്ക് ബേസില്‍ ജോസഫ് നന്ദി രേഖപ്പെടുത്തി. 'ഒരുപാട് നന്ദി.. ദിനേശ് കാര്‍ത്തിക്; നിങ്ങളുടെ പ്രതികരണം എന്റെ മനം നിറച്ചു' എന്ന് ബേസില്‍ മറുപടിയായി കുറിച്ചു. സിനിമയിലും ജീവിതത്തിലും നര്‍മ്മം നിറഞ്ഞ വ്യക്തിത്വമാണ് ബേസില്‍ ജോസഫിന്റേതെന്ന് പല സെലിബ്രിറ്റികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തിടെ മകള്‍ക്കും ഭാര്യക്കുമൊപ്പം ബേസില്‍ പങ്കുവെച്ച 'കുട്ടുമ കുട്ടൂ' എന്ന റീല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചിരി പടര്‍ത്തുകയും വൈറലാവുകയും ചെയ്തിരുന്നു.