രണ്‍വീര്‍ സിങ്ങും സാറാ അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ധുരന്ധര്‍' എന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള 20 വര്‍ഷത്തെ പ്രായവ്യത്യാസം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാറാ അര്‍ജുന്‍. ഇത്തരം ചര്‍ച്ചകളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും, ഇത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സാറാ പറഞ്ഞു.
തനിക്ക് സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിന്റെ ആവശ്യകതയും അറിയാമായിരുന്നുവെന്നും, അതില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും സാറാ അര്‍ജുന്‍ പറഞ്ഞു. 'എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍, അത് അവരുടെ മാത്രം അഭിപ്രായമാണ്. ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുന്നോ ഇല്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളില്‍ താന്‍ അത്ര സജീവമല്ലാത്തതിനാലാണ് ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കാത്തതെന്നും നടി വിശദീകരിച്ചു. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നും, പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരക്കിലായതിനാല്‍ സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്ന ശീലമില്ലെന്നും സാറാ വ്യക്തമാക്കി.
തനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും, എന്തെങ്കിലും പങ്കുവെക്കണമെങ്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപ്പോള്‍ മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1985 ജൂലൈ 6-നാണ് രണ്‍വീര്‍ സിങ് ജനിച്ചത്. സാറാ അര്‍ജുന്റെ ജന്മദിനം 2005 ജൂണ്‍ 18-നാണ്. ഇത് ഇരുവരും തമ്മില്‍ ഏകദേശം 20 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍' ഡിസംബര്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തിയത്.
ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഈ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്‍വീര്‍ സിങ്ങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേഡി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.