പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ വിപിന്‍ ദാസ്. 'സന്തോഷ് ട്രോഫി' എന്ന സിനിമയാണ് പൃഥ്വിരാജിന്റെ ഈ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'ഗുരുവായൂരമ്പലനടയില്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും വിപിന്‍ ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സന്തോഷ് ട്രോഫി'.
ഫേസ്ബുക്കിലൂടെ വളരെ രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വിപിന്‍ ദാസ് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'അടുത്ത ജന്മദിനത്തില്‍ സന്തോഷിന്റെ സ്വപ്ന ട്രോഫി കാണാന്‍ തയ്യാറാകൂ' -എന്നാണ് വിപിന്‍ ദാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
'സന്തോഷ് ട്രോഫി'യിലൂടെ മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ചെത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുക. അതേസമയം സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ കാളിയന്‍ ടീം താരത്തിന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. യുദ്ധസമാനമായ ഭൂമിയില്‍ കയ്യില്‍ വാളുമായി ഒരാള്‍ നില്‍ക്കുന്നതാണ് പോസ്റ്റര്‍. ഉടലിന് താഴ്ഭാഗം മാത്രമാണ് പോസ്റ്ററിലുള്ളത്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് 'കാളിയന്‍' ടീം പൃഥ്വിരാജിന്റെ പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
എമ്പുരാന്‍ ടീമും താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'എമ്പുരാനി'ല്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ ആണ് 'എമ്പുരാനി'ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
റൈഫിളുമായി നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് ക്യാരക്ടര്‍ പോസ്റ്ററില്‍ കാണാനാവുക. കൗതുകകരമായ ഒരു കുറിപ്പിനൊപ്പമാണ് സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചത്. ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്