സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ഇന്ത്യന്‍ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളില്‍ ഒന്നാണ് ഈ ചിത്രം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍ എന്നാല്‍ ചിത്രത്തിന്റെ ടീം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. അതിനിടെയാണ് മഹേഷ് ബാബുവും മലയാളതാരം പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.
ഇതിന് പിന്നാലെ സെറ്റിലെ സുരക്ഷ കര്‍ശ്ശനമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ രാജമൗലി കടുത്ത കോപത്തിലാണ് എന്നാണ് വിവരം. വീഡിയ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ തീരുമാനം.
വിഡിയോയില്‍ പൊടി പറക്കുന്ന ഒരു വിജന പ്രദേശത്ത് വീല്‍ ചെയറില്‍ ഒരാള്‍ ചെരിഞ്ഞ് ഇരിക്കുന്നു, അവര്‍ക്ക് മുന്നിലേയ്ക്ക് അയാളുടെ ആയുധ ധാരിയായ അനുയായികള്‍ മഹേഷ് ബാബുവിനെ ഉന്തിത്തള്ളി നിര്‍ത്തുകയും, മഹേഷ് ബാബു മുട്ട് കുത്തി അയാളുടെ മുന്നിലിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത്.
വീല്‍ ചെയറില്‍ ഇരിക്കുന്നത് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന സാക്ഷാല്‍ പൃഥ്വിരാജാണെന്നാണ് ആരാധകര്‍ പറയുന്നത്. അവ്യക്തമായ വീഡിയോയോ ആണെങ്കിലും സൈഡില്‍ നിന്ന് നോക്കിയാല്‍ പൃഥ്വിരാജ് തന്നെയെന്ന് മനസിലാകുമത്രേ. ചിത്രത്തിന് വേണ്ടി ഏറെ നാള്‍ക്ക് ശേഷം താരം താടിയെടുത്ത് ചിത്രം പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു
സയന്‍സ് ഫിക്ഷന്‍ അഡ്വഞ്ചര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന് 1000 കോടി രൂപ മുതല്‍മുടക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീക്കായ വിഡിയോയില്‍ ഗ്രാഫിക്ക്‌സ് ഉപയോഗിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള ഭീമന്‍ തൂണുകളും കാണാം. മഹേഷ് ബാബുവിനും പൃഥ്വിരാജ് സുകുമാരനും ഒപ്പം ജോണ്‍ ഏബ്രഹാമും പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
2026 അവസാനത്തോടെ റിലീസ് തീരുമാനിച്ചിരിക്കുന്ന ssmb29ന് നിലവില്‍ പേരിട്ടിട്ടില്ല. ഹൈദരാബാദില്‍ വാരണാസിയിലെ ഗോപുരങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങളും അടുത്തിടെ ലീക്കായിരുന്നു. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളുടെ ശക്തമായ സ്വാധീനം ചിത്രത്തിനുണ്ടാകും എന്നാണ് എസ്.എസ് രാജമൗലി ചില അഭിമുഖങ്ങളില്‍ പറഞ്ഞത്.